തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരാള്‍ കൂടി പിടിയില്‍; അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് ആക്ഷേപം

Jaihind News Bureau
Monday, February 9, 2026

തിരുവല്ല സ്പാ കേന്ദ്രത്തില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. നിരണം സ്വദേശി വരുണ്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇനി മൂന്ന് പ്രതികളെ കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് അറിയിച്ചു.

സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെ, സ്പായിലെ ഒരു ജീവനക്കാരിക്കും ആണ്‍ സുഹൃത്തിനുമെതിരെ അതിജീവത മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ ഒത്താശയോടെയാണ് ക്രൂരത നടന്നതെന്നാണ് സൂചന. ഇരുവരെയും ഉടന്‍ ചോദ്യം ചെയ്യുമെന്നും കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.

കേസ് അന്വേഷണത്തില്‍ പോലീസ് ‘മെല്ലെപ്പോക്ക്’ നയം സ്വീകരിക്കുന്നുവെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. സ്പാ ഉടമകളും പോലീസും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും ‘മാസപ്പടി’ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍, ഇതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.