തിരുവല്ല സ്പാ ബലാത്സംഗക്കേസ്: പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന; കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും

Jaihind News Bureau
Sunday, February 8, 2026

 

പത്തനംതിട്ട: തിരുവല്ലയില്‍ സ്പാ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രധാന പ്രതികളായ ‘മരണ സുബിന്‍’, ബര്‍ലിന്‍ ദാസ് എന്നിവര്‍ പിടിയിലായെങ്കിലും മറ്റ് നാല് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ കേരളം വിട്ടതായാണ് പോലീസിന്റെ നിഗമനം. അതിനിടെ, കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പത്തനംതിട്ട എസ്പി ആര്‍. ആനന്ദ് അറിയിച്ചു.

സ്പായിലേക്ക് അതിക്രമിച്ചു കയറിയ മരണ സുബിന്‍ 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതായും പണമില്ലെന്ന് പറഞ്ഞപ്പോള്‍ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അതിജീവിത മൊഴി നല്‍കി. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതി പറയുന്നു. ക്രൂരമായ പീഡനത്തിന് സ്പായിലെ സഹപ്രവര്‍ത്തക ഒത്താശ ചെയ്തതായും സൂചനയുണ്ട്. ഈ സഹപ്രവര്‍ത്തകയെയും അവരുടെ ആണ്‍സുഹൃത്തിനെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തിരുവല്ല പോലീസിലെ ചില ഉദ്യോഗസ്ഥര്‍ ഗുണ്ടാസംഘങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങുന്നുണ്ടെന്ന ആരോപണം ശക്തമായതോടെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഗുണ്ടകളുടെ സംരക്ഷണത്തിന് പോലീസ് ഒത്താശ ചെയ്യുന്നുണ്ടെന്ന സ്പാ ഉടമയുടെ ആരോപണത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും എസ്പി വ്യക്തമാക്കി.

ബിസിനസ് എതിരാളികള്‍ നല്‍കിയ ക്വട്ടേഷനാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സ്പാ ഉടമ ആരോപിക്കുന്നു. താന്‍ ക്വട്ടേഷന്‍ പ്രകാരമാണ് എത്തിയതെന്ന് പ്രതി സുബിന്‍ പറഞ്ഞതായി അതിജീവിതയും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യവും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. നിലവില്‍ ആറ് പ്രതികളാണുള്ളത് എങ്കിലും അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.