തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ക്വട്ടേഷനാണോയെന്ന് വ്യക്തമല്ലെന്ന് എസ് പി; പ്രത്യേക സംഘം അന്വേഷിക്കും

Jaihind News Bureau
Saturday, February 7, 2026

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. സ്പാ ജീവനക്കാരി നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമാക്കിയ എസ്പി, ഗുണ്ടാപ്പിരിവായി ആവശ്യപ്പെട്ട പണം ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെ പ്രാഥമിക വിവരമെന്നും മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആറുപേരാണ് കേസില്‍ പ്രതികളായുള്ളത്. ഇതില്‍ പ്രധാനികളായ സുബിന്‍, ബെര്‍ലിന്‍ ദാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായെങ്കിലും ഒളിവിലുള്ള നാലുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ബിസിനസ് എതിരാളികള്‍ നല്‍കിയ ക്വട്ടേഷനാണ് ഈ ആക്രമണമെന്ന് സ്പാ ഉടമ ഉന്നയിച്ച ആരോപണം ഗൗരവമായി പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. എങ്കിലും, ആക്രമണം ക്വട്ടേഷന്‍ പ്രകാരമാണെന്നതിന് നിലവില്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ല. സ്പാ ഉടമയുടെ ആരോപണങ്ങള്‍ പ്രത്യേകമായി അന്വേഷിക്കുമെന്നും പ്രതികള്‍ക്ക് പുറത്തുനിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുമെന്നും എസ്പി അറിയിച്ചു. കേസിന്റെ തുടക്കത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പാകളില്‍ നിന്ന് പോലീസുകാര്‍ മാസപ്പടി വാങ്ങുന്നതായി മുന്‍പ് പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഈ കേസില്‍ നിലവില്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടില്ല. മുന്‍പ് സമാനമായ പരാതികളില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ആര്‍. ആനന്ദ് പറഞ്ഞു. സ്പാ കേന്ദ്രീകരിച്ച് നടന്ന പീഡനത്തില്‍ സഹപ്രവര്‍ത്തകയുടെ പങ്കിനെക്കുറിച്ചും വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്.

അതിജീവിതയുടെ മൊഴി പ്രകാരം അതീവ ക്രൂരമായ പീഡനമുറകളാണ് പ്രതികള്‍ അവലംബിച്ചത്. ഒന്നാം പ്രതി സുബിന്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, സ്പായിലെത്തിയ കസ്റ്റമര്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്തി നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു. സ്പായിലെ മറ്റൊരു ജീവനക്കാരിയാണ് ഈ പീഡനത്തിന് ഒത്താശ ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണം പുരോഗമിക്കുന്നതോടെ കേസില്‍ കൂടുതല്‍ പേര്‍ പ്രതിചേര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.