സ്വർണ്ണക്കൊള്ളയിൽ സർക്കാരിനെതിരെ പോർമുഖം തുറന്ന് പ്രതിപക്ഷം; നിയമസഭയിൽ ഇന്നും ‘കനൽ’ പുകയും; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

Jaihind News Bureau
Thursday, February 5, 2026

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഒരുങ്ങി പ്രതിപക്ഷം. വിവാദ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നും നിയമസഭയിൽ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിക്കും. സഭ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രധാന കവാടത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം. ഇതിനുശേഷമാകും ഇവർ സഭയ്ക്കുള്ളിലേക്ക് പ്രവേശിക്കുക.

നിലവിലെ ബജറ്റ് ചർച്ചകൾ പൂർത്തിയാക്കി നിയമസഭ ഇന്ന് താൽക്കാലികമായി പിരിയും. കഴിഞ്ഞ ദിവസങ്ങളിലും സ്വർണ്ണക്കൊള്ള വിഷയം സഭയിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാരിന്റെ വിശദീകരണങ്ങളിൽ തൃപ്തരാകാത്ത പ്രതിപക്ഷം വരും ദിവസങ്ങളിലും ഈ വിഷയം സജീവമായി നിലനിർത്താനാണ് ലക്ഷ്യമിടുന്നത്.

ഇന്ന് പിരിയുന്ന സഭ ഈ മാസം 23-ാം തീയതിയാകും വീണ്ടും സമ്മേളിക്കുക. ഇടവേളയ്ക്ക് ശേഷം സഭ ചേരുമ്പോഴും ശബരിമല വിഷയത്തിലെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ നീക്കം. വരും ദിവസങ്ങളിൽ സഭയ്ക്ക് പുറത്തും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് ആലോചിക്കുന്നുണ്ട്.