കാസര്‍ഗോഡ് ക്രൂരകൊലപാതകം: മകളെ അച്ഛന്‍ വെട്ടിക്കൊന്നു

Jaihind News Bureau
Monday, February 2, 2026

മഞ്ചേശ്വരം തുമിനാട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. തുമിനാട് സ്വദേശിനി മറിയം ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഉമ്മര്‍ ഫാറൂഖിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടിനുള്ളിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

വീടിനുള്ളില്‍ വെച്ചുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഉമ്മര്‍ ഫാറൂഖ് മകളെ മാരകായുധം ഉപയോഗിച്ച് ഒന്നിലധികം തവണ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രതിയായ ഉമ്മര്‍ ഫാറൂഖ് കടുത്ത മയക്കുമരുന്ന് ആസക്തിയുള്ളയാളാണെന്ന് നാട്ടുകാര്‍ പൊലീസിനോട് വെളിപ്പെടുത്തി. കുടുംബത്തില്‍ സ്വത്ത് തര്‍ക്കവും സ്വര്‍ണാഭരണങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പതിവായിരുന്നുവെന്നും, ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നുമാണ് പ്രാഥമിക നിഗമനം. ഈ വീട്ടില്‍ നിരന്തരം വഴക്കുകള്‍ നടക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.