പുതിയ സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യയും യുക്രെയ്നും തുര്‍ക്കിയില്‍ വെച്ച് വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്കി അറിയിച്ചു. ബുധനാഴ്ചയാണ് ചര്‍ച്ചകള്‍ നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇസ്താംബൂളില്‍ വെച്ച് റഷ്യയും യുക്രെയ്നും തമ്മില്‍ രണ്ട് തവണ ചര്‍ച്ചകള്‍ നടന്നിരുന്നു. അവസാന കൂടിക്കാഴ്ചയില്‍, സംഘര്‍ഷം പരിഹരിക്കാന്‍ സാധ്യതയുള്ള മാര്‍ഗ്ഗരേഖകള്‍ ഉള്‍ക്കൊള്ളുന്ന കരട് മെമ്മോറാണ്ടങ്ങള്‍ ഇരുപക്ഷവും കൈമാറുകയും പുതിയ തടവുകാരുടെ കൈമാറ്റത്തിന് സമ്മതിക്കുകയും ചെയ്തു.
കിയേവിന്റെ മുന്‍ ചര്‍ച്ചാ സംഘത്തെ നയിച്ച യുക്രെയ്ന് ദേശീയ സുരക്ഷാ പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി റുസ്തം ഉമെറോവാണ് വരാനിരിക്കുന്ന കൂടിക്കാഴ്ചയുടെ ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും സെലെന്‍സ്കി സൂചിപ്പിച്ചു. നേരത്തെ ടാസ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച്, വ്യാഴാഴ്ചയാണ് ചര്‍ച്ചകള്‍ നടക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, ബുധനാഴ്ചയാണ് സംഭാഷണത്തിനുള്ള തീയതിയായി സെലെന്‍സ്കി സ്ഥിരീകരിച്ചത്. നയതന്ത്രപരമായ ഇടപെടലുകളുടെ തുടര്‍ച്ചയാണ് ഈ ചര്‍ച്ചകളെന്നും സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാം റൗണ്ടില്‍, മുന്‍ കൂടിക്കാഴ്ചയില്‍ കൈമാറിയ കരട് മെമ്മോറാണ്ടങ്ങളെക്കുറിച്ച് ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്യുമെന്നാണ് റഷ്യന്‍ ഫെഡറേഷന് പ്രസിഡന്റിന്റെ പ്രസ്സ് സെക്രട്ടറി ദിമിത്രി പെസ്കോവ് പറഞ്ഞത്. ‘ഞങ്ങളുടെ പക്കല്‍ ഒരു കരട് മെമ്മോറാണ്ടമുണ്ട്. യുക്രെയ്ന് കൈമാറിയ ഒരു കരട് മെമ്മോറാണ്ടവുമുണ്ട്. പരസ്പര വൈരുദ്ധ്യം നിലനില്‍ക്കുന്ന ഈ കരടുകളില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്’, പെസ്കോവ് പറഞ്ഞു.