ATHULYA| ഷാര്‍ജയിലെ അതുല്യയുടെ മരണം: സംഭവത്തില്‍ ദുരൂഹതയെന്ന് ഭര്‍ത്താവ് സതീഷ്

Jaihind News Bureau
Sunday, July 20, 2025

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ഭര്‍ത്താവ് സതീഷ്. താന്‍ പുറത്തുപോയി വന്നപ്പോള്‍ അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് സതീഷ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞു.

താനും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, അതുല്യയുടെ മരണകാരണം അറിയാതെ, താന്‍ ജീവനൊടുക്കില്ല. അതുല്യക്ക് ജോലിയ്ക്ക് പോകാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. അതുല്യക്ക് ജോലിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ പണവും ക്രൈഡിറ്റ് കാര്‍ഡും കൊടുത്തു. വാഹനവും ഏര്‍പ്പാടാക്കിയെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, താന്‍ പുറത്ത് പോയി ഫ്ലാറ്റിലെത്തിയപ്പോള്‍ ഡോര്‍ തുറക്കാവുന്ന നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടതെന്നും സതീഷ് ഷാര്‍ജയില്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുമുണ്ട്. ജന്മദിനത്തിലാണ് യുവതി ജീവനൊടുക്കിയത്. ദുബൈയിലെ കെട്ടിട നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ പൊലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.