പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപവിഭാഗമായ ‘ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ(ടിആര്‍എഫ്)’ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രഖ്യാപനം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.
ടിആര്‍എഫിനെ ആഗോള ഭീകര സംഘടനയായി പ്രഖ്യാപിച്ചതായും ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും റൂബിയോ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആര്‍എഫ് പ്രസ്താവന ഇറക്കിയിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയും തങ്ങളുടെ പങ്ക് നിഷേധിക്കുകയും ചെയ്തു. ഇന്ത്യയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ ടിആര്‍എഫിന് പങ്കുള്ളതായാണ് കരുതപ്പെടുന്നത്. 2008 ലെ മൂംബൈ ഭീകരാക്രമണത്തിലും ഈ ഗ്രൂപ്പിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
‘നമ്മുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും, ഭീകരതയെ ചെറുക്കുന്നതിനും, പഹല്‍ഗാം ആക്രമണത്തിന് നീതി ലഭ്യമാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്വീകരിച്ച ഈ നടപടികള്‍’, പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
2025 ഏപ്രില്‍ 22ന് പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. മതം ചോദിച്ചതിന് ശേഷമാണ് ആക്രമണകാരികള്‍ വെടിയുതിര്‍ത്തത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.