കോട്ടയം രാമപുരത്ത് 2017 -ല്‍ നടന്ന ക്ഷേത്ര മോഷണ കേസിലെ പ്രതിയെ എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. രാമപുരം ചിറക്കല്‍ കാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് തിരുവാഭരണത്തിലെ ഗോളകം മോഷണം നടത്തിയ കേസിലെ പ്രതി ബിജീഷ് എന്ന സാമ്പാര്‍ മണിയാണ് കോട്ടയം രാമപുരം പോലീസിന്റെ പിടിയിലായത്.
വര്‍ഷങ്ങളായി പലതരത്തിലുള്ള മോഷണക്കേസുകള്‍ നടത്തി ഇയാള്‍ കര്‍ണാടകയിലെ വനപ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. രാമപുരം ക്ഷേത്രത്തില്‍ നടത്തിയ മോഷണത്തിലെ ഇയാളുടെ വിരല്‍ അടയാളം പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കര്‍ണാടകയിലെ വിരാജ് പേട്ട എന്ന സ്ഥലത്തുനിന്നും സാഹസികമായി പോലീസ് പിടികൂടിയത്. സ്വാമി എന്ന പേരില്‍ ഇയാള്‍ ഇവിടെ കഴിയുന്ന വിവരം പോലീസില്‍ ലഭിച്ചതിന് പിന്നാലെയാണ് ബിജേഷിനെ വിരാജ് പേട്ടയില്‍ എത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും അടക്കം നിരവധി സ്ഥലങ്ങളിലാണ് പ്രതി ബിജേഷ് അടങ്ങുന്ന സംഘം മോഷണം നടത്തിയത്. വിദേശമദ്യശാലകളും ദേവാലയങ്ങളും ആണ് ഇവര്‍ പ്രധാനമായി മോഷണം നടത്തിയിരുന്നത്. തമിഴ്നാട്ടിലെ ഊട്ടിയിലുള്ള ഒരു വിദേശമദ്യശാലയില്‍ നിന്ന് മോഷണം നടത്തിയതിന് പിന്നാലെ വിരാജ് പേട്ടയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ബിജേഷ് രാമപുരം പോലീസിന്റെ പിടിയിലാകുന്നത്.