എകെജി സെന്റര്‍ വളര്‍ത്തുന്ന വിഷസര്‍പ്പങ്ങള്‍… അതു സിപിഎമ്മിനേയും കൊത്തും

Jaihind News Bureau
Saturday, March 15, 2025

കളമശ്ശേരി പോളിടെക്‌നിക് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കത്തില്‍ വിദഗ്ധമായി നീങ്ങിയ തൃക്കാക്കര പോലീസ് അതിബൃഹത്തായ ലഹരി വലയുടെ ചില കണ്ണികളാണ് പൊട്ടിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തെറ്റ് ചെയ്യുമ്പോള്‍ അവരെ സംരക്ഷിക്കുന്ന നിലപാട് സിപിഎമ്മാണ് ഇത്രയും കാലം തുടര്‍ന്നു പോന്നിട്ടുള്ളത് . അത് എല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്. മാത്രവുമല്ല, അതില്‍ ഒരു തെററും പാര്‍ട്ടി കാണുന്നില്ല. അങ്ങനെ ചെയ്തില്ലെങ്കില്‍ പാര്‍ട്ടി വിരുദ്ധത എന്ന രീതിയിലാണ് സഖാക്കളുടെ പെരുമാറ്റം. ഈ പിന്തുണയും കരുതലുമാണ് ഞാഞ്ഞൂല്‍ സഖാക്കളെ പോലും വിഷസര്‍പ്പമായി വളര്‍ത്തുന്നത്

കളമശ്്‌ശേരി കോളേജില്‍ ലഹരി വ്യാപാരത്തിന്റെ മൊത്ത ഏജന്റുമാരായി എസ് എഫ് ഐ മാറിയിരിക്കുന്നുവെന്നത് ആരോപണം മാത്രമല്ല, തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസിന്റെ വിലയിരുത്തലാണ്. ഇടതു സംഘടനകളെ കുറിച്ച് ഇത്തരം ആരോപണങ്ങള്‍ നേരത്തേയും ഉയര്‍ന്നപ്പോഴെല്ലാം അതിനെ രാഷ്ട്രീയമായും കായികമായും നേരിട്ടാണ് എസ് എഫ് ഐ കാമ്പസുകളില്‍ വിജയിച്ചത്. കേരള മന്ത്രിസഭ പോലും ഇതിന് അരുനിന്ന് പ്രോത്സാഹിപ്പിച്ചു. എസ് എഫ് ഐയ്ക്കു നേരേ ഉയര്‍ന്ന ചൂണ്ടുവിരലുകളുടെ മുനയൊടിച്ചത് ഭരണപരമായി വിദ്യാഭ്യാസ വകുപ്പു പോലും നേരിട്ടതുകൊണ്ടാണ്. ആരോപണം ഉയര്‍ത്തിയ പ്രിന്‍സിപ്പാല്‍മാരെ അവഹേളിച്ചും, സ്ഥലം മാറ്റിയും അക്രമിച്ചും വിദ്യാ്ഭ്യാസ വകുപ്പ് പിന്തുണ നല്‍കി. ഇപ്പോള്‍ കഞ്ചാവു കെട്ടു സഹിതം എസ് എഫ് ഐ നേതാവിനെ പിടികൂടിയപ്പോള്‍ സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ വിലയിരുത്തല്‍ ജാഗ്രത കുറവുണ്ടായി എന്നാണെന്നും ഓര്‍്ക്കുക.. എസ്എഫ്‌ഐയിലും dyfiയിലും അംഗങ്ങളായവര്‍ പീഡനക്കേസുകളിലും ലഹരി കേസുകളിലും ഉള്‍പ്പെടുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ വേണ്ടി മാത്രം ഇടതുപക്ഷത്തുള്ള എംഎല്‍എമാരും മന്ത്രിമാരും തയ്യാറായി നില്‍ക്കുകയാണ്. അതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞ രാഷ്ട്രീയ രക്ഷാകര്‍തൃത്വം

കാസര്‍കോട് ഗവ. കോളേജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കെതിരെ മയക്കു മരുന്ന് ഉപയോഗമെന്ന ഗുരുതര ആരോപണം ഉയര്‍ത്തിയ മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍ രമയുടെ അനുഭവം ഇപ്പോള്‍ ചര്‍ച്ചയാവേണ്ടതാണ് . കോളേജില്‍, മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായും അത് ചോദ്യംചെയ്തതിനാണ് തനിക്കെതിരെ എസ്എഫ്‌ഐ സമരത്തിനിറങ്ങിയതെന്നും രമ അന്ന് ആരോപിച്ചു.അതിനെ പക്ഷേ ഉന്നത വിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കിയത് രമയെ സ്ഥലം മാറ്റിക്കൊണ്ടാണ്. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അരുതാത്ത പലതും നടക്കുന്നു. മയക്കുമരുന്ന് വില്‍പ്പന സജീവമാണ്. ഇത് ചോദ്യം ചെയ്തതിനാണ് എസ്എഫ്‌ഐ തനിക്കെതിരെ സമരം നടത്തിയതെന്നൊക്കെ ഡോ.രമ ആരോപിച്ചിരുന്നു.

ഡോ. എന്‍ രമയെ അന്ന് എസ് എഫ് ഐ ഉപരോധിച്ചു. സര്‍ക്കാരും സംവിധാനങ്ങളും അന്ന് എസ് എഫ് ഐയ്ക്ക് ഒപ്പമായിരുന്നു. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി. അവരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീ്ക്കി എസ് എഫ് ഐയ്ക്ക് നിര്‍ബ്ബാധം വിഹരിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തു. ഇപ്പോഴും ഇതേപോലെ തന്നെയാണ് പാര്‍ട്ടി മാനസികാവസ്ഥ. കായംകുളം എംഎല്‍ എയുടെ മകന്റെ കേസിലും ഈ പക്ഷപാതം കണ്ടു. അന്വേഷിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇതില്‍ കുറ്റക്കാരായി മാറുന്ന അവസ്ഥ.

ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറയണം എങ്ങനെയാണ് SFI നേതാക്കള്‍ക്ക് ജാമ്യം കിട്ടിയെന്ന്. രണ്ടു കിലോ കഞ്ചാവാണ് പിടികൂടിയത്. ഇത് നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് പാര്‍ട്ടിക്കാരന് അനുകൂലമാക്കി. എസ് എഫ് ഐ എന്ന അധോലോക സംഘം ക്യാമ്പസുകളില്‍ അക്രമവും അരാജകത്വവും കാട്ടുന്നതിനു ഒപ്പം തന്നെ ലഹരി വ്യാപാരം കൂടി നടത്തുകയാണ്. കോളേജ് ഹോസ്റ്റലുകളില്‍ ഇവര്‍ പരിപാലിച്ചു പോരുന്ന ഇടി മുറികള്‍ക്കൊപ്പം ഈ ലഹരി മുറികളും നാടിനു ശല്യവും ആപത്തുമാകുന്നു. ഇവര്‍ അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന കോളേജ് ഹോസ്റ്റലുകള്‍ ഉടന്‍ തന്നെ റെയ്ഡ് ചെയ്താല്‍ കേരളത്തിലെ ലഹരി ഒഴുക്കിനെ തടയാനാകും