തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടക്കാതെ അന്തസായി രാജി വെച്ചു പോവുകയാണ് മന്ത്രി സജി ചെറിയാന്‍ ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സജി ചെറിയാന്‍ നിന്ദിച്ചത് തൊട്ടുവന്ദിച്ച് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ അതേ ഭരണഘടനയെ തന്നെയാണ്. ഒരു വട്ടം രാജിവെച്ചു പോയിട്ടും പോലീസിനെ സ്വാധീനിച്ച് ക്ളീന്‍ ചിറ്റ് വാങ്ങി തിരികെ വന്നതാണ്. ഹൈക്കോടതി പോലീസ് നല്‍കിയ ക്ളീന്‍ ചിറ്റ് തള്ളിക്കളഞ്ഞിരിക്കുന്നു. 1972 ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ ആക്ട് അനുസരിച്ച് മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയാന്‍ ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ മന്ത്രിസ്ഥാനത്തു തുടരുന്നത് ക്രിമിനല്‍ കുറ്റം ചെയ്തു എന്നു ഹൈക്കോടതി നിരീക്ഷിച്ച ഒരാളാണ്. മന്ത്രിസ്ഥാനത്ത് സജി ചെറിയാന്‍ തുടര്‍ന്നാല്‍ സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുമ്പോള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയും എന്നത് വ്യക്തമാണ്. ഇത് ജുഡീഷ്യറിയോടും കേരളത്തിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.