പ്രാര്‍ത്ഥനയില്‍ തുടക്കം; ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍

Jaihind Webdesk
Thursday, October 17, 2024


കോട്ടയം:പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം പുതുപ്പള്ളിയില്‍ എത്തി നേതാക്കള്‍ക്കൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചത്. കോട്ടയത്തെ കെപിസിസി, ഡിസിസി, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ പുതുപ്പള്ളി പള്ളിയില്‍ എത്തിയപ്പോള്‍ സ്വീകരിച്ചു.

ആദ്യം പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് തന്റെ പ്രിയപ്പെട്ട നേതാവിന്റെ കല്ലെറിയില്‍ രാഹുല്‍ എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ കല്ലെറയില്‍ പൂക്കളും, മെഴുകുതിരികളും അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ തനിക്ക് ഏറെ ശുഭപ്രതീക്ഷയാണ് ഉള്ളത് എന്ന് രാഹുല്‍ മാങ്കൂട്ടം പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹം തേടിയതിനു ശേഷമാണ് ഇപ്പോള്‍ താന്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുന്നത്, ഉമ്മന്‍ചാണ്ടി എന്നും കോണ്‍ഗ്രസുകാരെ സംബന്ധിച്ച് ഏറ്റവും വലിയ വൈകാരികതയാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.