നീ എസ്എഫ്ഐക്ക് ക്ലാസെടുക്കേണ്ട, കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല; ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്‍റെ ഭീഷണി

Jaihind Webdesk
Monday, July 8, 2024


കോഴിക്കോട്:
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്‍റെ ഭീഷണി. എസ്എഫ്ഐയെ വിമർശിച്ചതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിനെതിരെ ഭീഷണി പോസ്റ്റുമായി സിപിഎം പ്രവര്‍ത്തകന്‍ രംഗത്തെത്തിയത്. രഞ്ജിഷ് ടി.പി. കല്ലാച്ചി എന്നയാളാണ് ബിനോയ് വിശ്വത്തിനെതിരെ ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റിട്ടത്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്‍റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓർമ്മിക്കണമെന്നുമായിരുന്നു സിപിഎം പ്രവർത്തകന്‍റെ ഭീഷണി.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ നീ എസ്എഫ്ഐ ക്ക് ക്ലാസെടുക്കാൻ വരരുത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ  ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താൽ നല്ലത്. ‘