ആറ് വർഷം കൊണ്ട് എല്‍ഡിഎഫ് കേരളത്തില്‍ എന്ത് നടപ്പാക്കി?; സംസ്ഥാനത്ത് വികസന മുരടിപ്പ് : എംഎം ഹസന്‍

Jaihind Webdesk
Wednesday, May 25, 2022

കഴിഞ്ഞ ഒരു വര്‍ഷക്കാലം ഇടത് സര്‍ക്കാര്‍ എന്ത് പുതിയ വികസനം നടപ്പാക്കിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. തൃക്കാക്കരയിലെ വോട്ടര്‍മാരോട് മുഖ്യമന്ത്രി പറയണം. 2015ല്‍ യു.ഡി.എഫ് ആരംഭിച്ച വിഴിഞ്ഞം പദ്ധതി 2026 ല്‍ പോലും പൂര്‍ത്തിയാകുമോ എന്നത് സംശയമാണ്. സര്‍ക്കാറിന്റെ വികസനം ആമ ഇഴയുന്നത് പോലെയെന്നും എം എം ഹസന്‍ കുറ്റപ്പെടുത്തി.

ആറ് വർഷം കൊണ്ട് എന്ത് നടപ്പാക്കി. തങ്ങൾ അധികാരത്തിൽ വന്നാൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ റൺവെയുടെ നീളം കൂട്ടുമെന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തില്ല. നവകേരള സൃഷ്ടിക്കായി പിരിച്ച പണം എവിടെ പോയി. ഉൾനാടൻ ജല പാത പദ്ധതി എവിടെ എത്തി, മലയോര ഹൈവേ, തീരദേശ ഹൈവേ ഒന്നും പൂർത്തിയാക്കിയില്ല. ആരോഗ്യ സംരക്ഷത്തിന് നടപ്പാക്കിയ പദ്ധതികൾ ഒന്നും നടപ്പായില്ല. വികസന മുരടിപ്പ് കേരളത്തിൽ ഉള്ളപ്പോഴാണ് വികസനത്തിന് വോട്ട് ചോദിക്കുന്നത്.
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് സർക്കാറിന്‍റെ വിലയിരുത്തൽ ആയിരിക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് എന്ത് കൊണ്ടാണ് പുറത്തിറക്കുന്നത് ജൂൺ രണ്ടിലേക്ക് മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു.

സർക്കാരിന്‍റെ വികസനം ആമ ഇഴയുന്നത് പോലെ. മെട്രോ തൃക്കാക്കരയിലേക്ക് നീട്ടുമെന്ന് യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിട്ടും ഈ സർക്കാർ ഒന്നും ചെയ്തില്ല. കെ റെയിൽ വിഷയത്തിൽ ഹൈക്കോടതി വിമർശിച്ചത് ഉദ്യോഗസ്ഥരെ ആണെങ്കിലും അത് മുഖ്യമന്ത്രിക്ക് കൂടി ബാധകമാണ്. സിൽവർ ലൈൻ പദ്ധതി വേണ്ട എന്ന യു.ഡി.എഫ് നിലപാടിന് തൃക്കാക്കരയിലെ ജനം വോട്ട് ചെയ്യുമെന്നും എംഎം ഹസന്‍ പറഞ്ഞു.