25 മണിക്കൂർ യാത്ര ചെയ്യാന്‍ 80 ലക്ഷം രൂപ; കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും മുഖ്യമന്ത്രിക്ക് പറക്കാന്‍ ഹെലിക്കോപ്ടര്‍

Jaihind Webdesk
Thursday, March 2, 2023

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് പറക്കാന്‍ ഹെലിക്കോപ്ടര്‍.  25 മണിക്കൂർ യാത്ര ചെയ്യാന്‍ 80 ലക്ഷം രൂപയ്ക്കാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കു എടുക്കുന്നത്. പുതിയ ടെണ്ടറില്ലാതെ ഹെലികോപ്റ്റര്‍ വാടകയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ചിപ്‌സണ്‍ എയര്‍വേസിന്റെ 6 സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ വാടകക്കെടുക്കുന്നത്.20 മണിക്കൂറിന് 80 ലക്ഷമായിരുന്നു ടെണ്ടറില്‍ കമ്പനി മുന്നോട്ടുവച്ചിരുന്നത്, സര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചയില്‍ 25 മണിക്കൂര്‍ 80 ലക്ഷത്തിന് നല്‍കാമെന്ന് സമ്മതിച്ചു കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നേരത്തെ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് വളരെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.സംസ്ഥാനത്ത് 10 ലക്ഷത്തിനു മുകളിലുള്ള ചെക്കുകള്‍ മാറുന്നതിന് ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കോടികള്‍ മുടക്കി സര്‍ക്കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കു എടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ജനങ്ങള്‍ കല്ലെറിയുമെന്ന് പേടിച്ചാണ് മുഖ്യമന്ത്രി ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശിച്ചു.