ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Jaihind Webdesk
Friday, January 18, 2019

ശബരിമലയിൽ 51 യുവതികൾ കയറിയതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇവരുടെ പേരും വിശദാംശങ്ങളും സർക്കാർ കോടതിയിൽ സമർപ്പിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഏറെയും തമിഴ്നാട്, ആന്ധ്ര, തെലങ്കാന മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

51 യുവതികളുടെയും വിലാസവും ആധാർ കാർ‌ഡും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളാണ് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ നല്‍കിയത്. തീർഥാടനം ആരംഭിച്ച ശേഷം ആദ്യമായാണ് ശബരിമലയില്‍ എത്തിയ യുവതികളുടെ വിവരങ്ങള്‍ സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുന്നത്.

അതേസമയം അയ്യപ്പദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേഷം നല്‍കി. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷ നൽകുന്നത് തുടരണമെന്നും സുപ്രീം കോടതി നിർദേശിച്ചു. തങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നും ശബരിമലയില്‍ നടത്തിയ ശുദ്ധിക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ പ്രതികരിക്കാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.