ബംഗ്ലാദേശിൽ അതി ശൈത്യത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 50 ആയി

Jaihind News Bureau
Monday, December 30, 2019

ബംഗ്ലാദേശിൽ അതി ശൈത്യത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 50 ആയി. രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 4.5 ഡിഗ്രി സെൽഷ്യസ് ആണ് വടക്കൻ ബംഗ്ലാദേശിലെ ടെറ്റൂലിയയിൽ രേഖപ്പെടുത്തിയത്. തണുപ്പിനെ തുടർന്ന് പകർച്ച പനികൾ ബാധിച്ചു നിരവധിപേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരിക്കുന്നത്.

ബംഗ്ലാദേശിൽ ശൈത്യക്കാറ്റും കനത്ത മൂടൽമഞ്ഞും കുറച്ചുദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ബംഗ്ലാദേശിൽ കൊടും തണുപ്പിനെ തുടർന്ന് നവംബർ ഒന്ന് മുതൽ ഡിസംബർ 29 വരെ മരിച്ചത് 50 ഓളം ആളുകൾ. ഇതുവരെ മരിച്ചവരിൽ 17 പേർക്ക് ഗുരുതരമായ ശ്വാസകോശ അണുബാധ ആയിരുന്നുവെന്നും 33 പേർക്ക് റോട്ടാ വൈറസ് ബാധമൂലമുള്ള ഡയറീയ കാരണമാണ് മരം സംഭവിച്ചതെന്നും സർക്കാർ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ ആയിഷ അക്തർ വ്യക്തമാക്കി .

ബംഗ്ലാദേശിൽ ഇപ്പോൾ അനുഭവപ്പെടുന്നത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 4.5 ഡിഗ്രീ സെൽഷ്യസാണ്. കൊടും തണുപ്പിനെ തുടർന്ന് ന്യൂമോണിയ, നിർജലീകരണം, പകർച്ചപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. കുറഞ്ഞ വരുമാനമുള്ള താഴെത്തട്ടിലുള്ള തൊഴിലാളികളെയാണ് അസുഖം കൂടുതൽ ബാധിക്കുന്നത്. ഇവരുടെ പക്കൽ മതിയായ വസ്ത്രങ്ങളോ വേണ്ട ആഹാരമോ ഇല്ലാത്തത് കുട്ടികളിലും പ്രായമായവരിലും അസുഖം പടരാൻ ഇടയാക്കുന്നുണ്ട്.