ഇന്‍കാസ് യുഎഇയുടെ നാലാമത് ചാര്‍ട്ടേര്‍ഡ് വിമാനവും പറന്നു : ബുധനാഴ്ച മൂന്ന് വിമാനങ്ങള്‍ കൂടി

Jaihind News Bureau
Tuesday, June 16, 2020

ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ റാസല്‍ഖൈമയുമായി സഹകരിച്ച്, യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവ പ്രവാസി കൂട്ടായ്മയായ ഇന്‍കാസ് യുഎഇ-യുടെ നാലാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഷാര്‍ജയില്‍ നിന്നുള്ള എയര്‍അറേബ്യ വിമാനത്തില്‍, 175 യാത്രക്കാരുമായിട്ടായിരുന്നു യാത്ര. ഇനി ബുധനാഴ്ച ( ജൂണ്‍ 17 ) രാവിലെ ഒമ്പതരയ്ക്ക് ഷാര്‍ജയില്‍ നിന്നും അഞ്ചാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. കൂടാതെ, ബുധനാഴ്ച രാത്രി പത്തിന് കോഴിക്കോട്ടേയ്ക്കും ഡല്‍ഹിയിലേക്കുമായി രണ്ടു ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൂടി പുറപ്പെടും. ഇതോടെ, ആകെ സര്‍വീസ് ബുധനാഴ്ച വരെ മാത്രം ഏഴാകും.

ഗര്‍ഭിണികളും രോഗികളും തൊഴില്‍ നഷ്ടപ്പെട്ടവരും ഉള്‍പ്പടെയുള്ള സംഘമാണ് നാലാമത്തെ വിമാനത്തില്‍ പറന്നതെന്ന് റാസല്‍ഖൈമ ഇന്‍കാസ് വര്‍ക്കിങ് പ്രസിഡണ്ട് നാസര്‍ അല്‍ ദാന, ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ആദ്യവിമാനം കോഴിക്കോട്ടേയ്ക്കും രണ്ടാമത്തെ വിമാനം തിരുവനന്തപുരത്തേയ്ക്കും മൂന്നാമത്തേത് ഹൈദരാബാദിലേക്കുമാണ് പറന്നത്. തുടക്കം മുതലേ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടും ഇന്‍കാസ് റാസല്‍ഖൈമ പ്രസിഡണ്ടുമായ എസ് എ സലിം പറഞ്ഞു. ഇന്‍കാസ് യു എ.ഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ദുബായ് ഇന്‍കാസ് കമ്മിറ്റി പ്രസിഡണ്ട് നദീര്‍ കാപ്പാട്, ജിഹാദ് സലിം, ജുനൈദ് സലീം, റിയാസ് കാട്ടില്‍, മുനീര്‍ കുമ്പള എന്നിവരും വിമാനത്താവളത്തില്‍ എത്തി.