ഖത്തറില്‍ കൊവിഡ്-19 ബാധിതര്‍ 470; ഹോം ക്വാറന്‍റീനില്‍ നിയമം ലംഘിച്ചവരുടെ പേരുകള്‍ പരസ്യപ്പെടുത്തി ഖത്തര്‍; കുവൈത്തില്‍ 17 പുതിയ കേസുകള്‍

Jaihind News Bureau
Saturday, March 21, 2020

ദോഹ : ഖത്തറില്‍ കൊവിഡ്-19 ബാധിതരുട എണ്ണം 470 ആയി വര്‍ധിച്ചു. പുതുതായി 10 പേരില്‍ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പത്തു പേരില്‍ അഞ്ചു പേര്‍ അടുത്തിടെ വിദേശ യാത്ര കഴിഞ്ഞെത്തിയവരാണ്.  പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്ന ഈ അഞ്ചു സ്വദേശികള്‍ക്ക് പുറമേ, ബാക്കിയുള്ളവര്‍ പ്രവാസികളാണ്.

ഇതിനിടെ, ഹോം ക്വാറന്‍റീനില്‍ കഴിഞ്ഞിരുന്ന 10 ഖത്തര്‍ സ്വദേശി പൗരന്മാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് മന്ത്രാലയം അധികൃതര്‍ പിടികൂടി. ഇവരുടെ പേര് സഹിതം അധികൃതര്‍ പ്രസിദ്ധപ്പെടുത്തി. ഇവരെ കൂടുതല്‍ നിയമനടപടികള്‍ക്കായി ഇനി പ്രോസിക്യൂഷന് കൈമാറും.

കുവൈത്തില്‍ 17 പുതിയ കൊറോണ വൈറസ് കേസുകള്‍

കുവൈത്തില്‍ 17 പുതിയ കൊറോണ വൈറസ് കേസുകള്‍. കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 17 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 176 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.