പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കാന്‍ 35 കോടി; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത്

Jaihind Webdesk
Saturday, March 26, 2022

തിരുവനന്തപുരം : പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കാൻ 35.16 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് വാർഷിക മാമാങ്കത്തിന് ഇത്രയും വലിയ തുക അനുവദിച്ചിരിക്കുന്നത്. തുക അനുവദിച്ച ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികം കെങ്കേമമാക്കാനുള്ള പുറപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ . ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തിൽ പ്രദർശന വിപണനമേള ആറ് കോർപ്പറേഷൻ കേന്ദ്രങ്ങളിൽ വിപുലമായും ഇതര ജില്ലാ കേന്ദ്രങ്ങളിൽ പരിമിതപ്പെടുത്തിയും സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. പബ്ളിക്ക് റിലേഷൻസ് വകുപ്പിന്‍റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളും മേളയിൽ പങ്കെടുക്കണമെന്നും സ്റ്റാളുകൾ സജ്ജമാക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

പബ്ളിക്ക് റിലേഷൻസ് വകുപ്പിന് 3.40 കോടിയും മേളയിൽ സജീവ സാന്നിധ്യമാകേണ്ട വകുപ്പുകൾക്ക് 8 കോടിയും മറ്റ് വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവക്ക് 23.76 കോടിയും അടക്കം ആകെ 35.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ മാസം 24 ന് പബ്ളിക്ക് റിലേഷൻസ് വകുപ്പിൽ നിന്ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാമൂഹ്യ ക്ഷേമ പെൻഷൻ തുക പോലും 100 രൂപ കൂട്ടി കൊടുക്കാൻ ഈ ബജറ്റിൽ ധനകാര്യമന്ത്രി തയാറായില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ഡി.എ, ലീവ് സറണ്ടർ, പെൻഷൻ കുടിശിക തുടങ്ങി എല്ലാം പണമില്ലാത്തതിനെ തുടർന്ന് തടഞ്ഞ് വെച്ചിരിക്കുമ്പോഴാണ് 35. 16 കോടി രൂപയ്ക്ക് സർക്കാരിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കാൻ തുക അനുവദിച്ചിരിക്കുന്നത്.

പുതിയ കറുത്ത കാറും കനത്ത സുരക്ഷയും അടക്കം മുഖ്യമന്ത്രിക്ക് മാത്രം സർക്കാർ ഖജനാവിൽ നിന്ന് കോടികളാണ് ചെലവഴിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് ജനങ്ങളുടെ പെൻഷൻ 100 രൂപ കൂട്ടാത്ത ധനമന്ത്രി ബാലഗോപാൽ പിണറായി ഭയത്താൽ ചോദിച്ചതെല്ലാം വാരിക്കോരി കൊടുക്കുകയാണ്. ഇങ്ങനെ പോയാൽ ട്രഷറി ഉടൻ തന്നെ പൂട്ടേണ്ടി വരുമെന്നാണ് ധനകാര്യ വകുപ്പിലെ സിനിയർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.