മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് 33 ലക്ഷത്തിന്‍റെ പുതിയ കാർ; ഇനി യാത്ര കറുപ്പ് കിയ കാർണിവലില്‍

Jaihind Webdesk
Sunday, June 26, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി 33 ലക്ഷം രൂപ വിലയുള്ള പുതിയ കാർ വാങ്ങാൻ ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം. നിലവിലെ മൂന്ന് വാഹനങ്ങൾക്ക് പുറമെയാണ് പുതിയ കിയ കാർണിവല്‍ ലിമോസിന്‍ വാങ്ങുന്നത്. ഇതിനായി 33,30,532 രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവായി.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി പുതിയ കാർ വാങ്ങാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 3 ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും 62,00046 രൂപ ചെലവഴിച്ചാണ് മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായി വാങ്ങാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ പ്രത്യേക സർക്കാർ നിരക്കിൽ 23,17,739 രൂപയ്ക്ക് ഒരു ഇന്നോവ ക്രിസ്റ്റയും, 32, 21,570 രൂപയ്ക്ക് രണ്ട് ഇന്നോവ ക്രിസ്റ്റ ജി പ്ലസും വാങ്ങുന്നതിന് 55,39, 309 രൂപ ചെലവായിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ശ്രദ്ധയിൽപ്പെടുത്തി. ടാറ്റ ഹാരിയർ വാഹനത്തിന് പകരം പ്രത്യേക സുരക്ഷാ സംവിധാനമുള്ള കിയ കാർണിവൽ വാങ്ങുന്നതാവും നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ ഉപയോഗത്തിലുള്ള രണ്ട് ഇന്നോവ ക്രിസ്റ്റകൾ ഉൾപ്പടെ മൂന്ന് കാറുകൾ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിലനിർത്തുവാനും തീരുമാനമായി. വടക്കൻ ജില്ലകളിലെ യാത്രയ്ക്കായി പഴയ വാഹനങ്ങൾ ഉപയോഗിക്കും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലും കെഎസ്ആർടിസിയിലടക്കം ശമ്പള പ്രതിസന്ധി നിലനിൽക്കുമ്പോഴുമാണ് മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ വാഹനം വാങ്ങുന്നത്.