കോഴിക്കോട്ട് കോൺഗ്രസ്‌ ഓഫീസുകൾ തകർത്ത സംഭവം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Jaihind News Bureau
Friday, September 4, 2020

 

കോഴിക്കോട്: ജില്ലയില്‍  കോൺഗ്രസ്‌ ഓഫീസുകൾ തകർത്ത സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.  ഇരിങ്ങണ്ണൂരിലെയും തൂണേരിയിലെയും പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണത്തിലാണ് അസ്ലം വധക്കേസ്  പ്രതി ഉൾപ്പെടെ മൂന്നു സി.പി.എം പ്രവർത്തകരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

തൂണേരി മുടവന്തേരിയിലെ മൂലം തേരി സുഭാഷ്, കോടഞ്ചേരി സ്വദേശികളായ ചിക്കിലോട്ട് താഴക്കുനി വിശ്വജിത്ത്, തൈക്കിലോട്ട് ഷാജി എന്നിവരാണ് അറസ്റ്റിലായത്‌. ഷാജി അസ്ലം വധക്കേസിലെ പതിമൂന്നാം പ്രതിയാണ്. രണ്ടാം തീയതി പുലർച്ചെയാണ് തൂണേരി ടൗണിലെ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസ് ഉൾപ്പെടെ മൂന്ന് ഓഫീസുകൾക്കു നേരെ അക്രമം ഉണ്ടായത്.