തന്നെ ആക്രമിച്ച കേസില്‍ 3 സിപിഎം സാക്ഷികള്‍ കൂറുമാറി; സിപിഎമ്മിന്‍റെ വാദത്തെ സഭയില്‍ പൊളിച്ച് സിപിഐ എംഎല്‍എ ഇ ചന്ദ്രശേഖരന്‍

Jaihind Webdesk
Tuesday, March 21, 2023

തിരുവനന്തപുരം: സിപിഎമ്മിന്‍റെ വാദത്തെ സഭയില്‍ പൊളിച്ച് സിപിഐ എംഎല്‍എ ഇ ചന്ദ്രശേഖരന്‍. തന്നെ ആക്രമിച്ച കേസില്‍ 3 സിപിഎം സാക്ഷികള്‍ കൂറുമാറിയെന്ന് ചന്ദ്രശേഖരന്‍ നിയമസഭയില്‍ വിശദീകരിച്ചു. കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി കേസില്‍ ആരും കൂറുമാറിയിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് മുന്‍മന്ത്രി തള്ളിയത്.

”പ്രതികളായി കോടതിയില്‍ നില്‍ക്കുന്നവരെല്ലാം എന്നെ ആക്രമിച്ചവരുടെ മുന്‍നിരയിലുണ്ടായിരുന്നതായാണ് ഞാന്‍ മൊഴി കൊടുത്തത്. എന്നാല്‍ അന്വേഷണഘടത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിന് മൊഴി കൊടുത്ത പി.ഡബ്ല്യൂ 10, പി.ഡബ്ല്യൂ 11, പി.ഡബ്ല്യൂ 12 ഉള്‍പ്പെടെ നാല് പ്രോസിക്യൂഷന്‍ സാക്ഷികള്‍ വിചാരണക്കിടെ കൂറുമാറി. ഈ കാര്യം കോടതി വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. പ്രതികളെ തിരിച്ചറിയേണ്ടിയിരുന്ന മേല്‍പ്പറഞ്ഞ സാക്ഷികള്‍ കൂറുമാറിയത് കേസിന് തിരിച്ചടിയായി എന്നാണ് മനസിലാക്കുന്നത്”. എന്ന മുന്‍മന്ത്രി സഭയില്‍ വിശദീകരിച്ചു.

2016 മെയ് 19 നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനായി തുറന്ന ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും കാസര്‍കോഡ് അഡീഷ്ണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കുകയും ചെയ്തു. എന്നാല്‍ വിചാരണ വേളയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ കുറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വിട്ടയച്ചിരുന്നു.