യുഎഇയില്‍ 3 കണ്‍വീനര്‍മാര്‍; മിഡില്‍ ഈസ്റ്റില്‍ ഒഐസിസി – ഇന്‍കാസ് കൂട്ടായ്മകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു

JAIHIND TV DUBAI BUREAU
Thursday, November 25, 2021

ദുബായ് : ഒഐസിസി- ഇന്‍കാസ് കൂട്ടായ്മയെ മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി യുഎഇയില്‍ നിന്നും മൂന്ന് കണ്‍വീനര്‍മാരെ മിഡില്‍ ഈസ്റ്റ് ഉന്നതാധികാര സമിതിയിലേക്ക് നിയമിച്ചു. ഡോ. ഇ പി ജോണ്‍സണ്‍, അഡ്വ. ടികെ ഹാഷിക്, പികെ മോഹന്‍ദാസ് എന്നിവരെയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി നിയമിച്ചത്.

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ നിലവിലെ പ്രസിഡന്‍റാണ് ഇപി ജോണ്‍സണ്‍. അഡ്വ. ടികെ ഹാഷിക്, പികെ മോഹന്‍ദാസ് എന്നിവര്‍ ഒഐസിസി ഗ്ലോബല്‍ ഭാരവാഹികളായി പ്രവര്‍ത്തിച്ച് വരുകയാണ്. ഒമാനില്‍ നിന്നുളള പ്രവാസി കുമ്പളത്ത് ശങ്കരപ്പിള്ളയെ നേരത്തെ ഗ്ലോബല്‍ ചെയര്‍മാനായി നിയമിച്ചിരുന്നു. യുഎഇയ്ക്ക് പുറമേ മറ്റു രാജ്യങ്ങളില്‍ നിന്നും ഇതുപോലെ കണ്‍വീനര്‍മാരെ നിയമിച്ചിട്ടുണ്ട്. അതാത് രാജ്യത്തെ സംഘടനാ കാര്യങ്ങളിലും കണ്‍വീനര്‍മാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.