എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി കെ-ഡിസ്ക്കില്‍ 258 നിയമനങ്ങള്‍; യുവജന വഞ്ചന തുടർന്ന് പിണറായി സർക്കാർ

Jaihind Webdesk
Wednesday, December 21, 2022

തിരുവനന്തപുരം: എംപ്ലോയ്‌മെന്‍റ് എക്‌സേഞ്ചിനെ നോക്കുകുത്തിയാക്കി സർക്കാരിന്‍റെ പിൻവാതിൽ നിയമനം. കേരള ഡെവലപ്‌മെന്‍റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിലെ 258 നിയമനങ്ങൾ നടത്തിയത് ചട്ടങ്ങളും നിയമങ്ങളും മറികടന്ന്. യോഗ്യരായ ഒന്നര ലക്ഷം യുവാക്കൾ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് സമാന്തര ഏജൻസി വഴിയുള്ള ഈ തിരുകിക്കയറ്റൽ.

ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കെ-ഡിസ്കിലേക്ക് (കേരള ഡെവലപ്‌മെന്‍റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസില്‍) സർക്കാർ നിയമനം നടത്തിയിരിക്കുന്നത്. കനത്ത ശമ്പളം ലഭിക്കുന്ന 258 ഒഴിവുകളിലേക്കാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി സമാന്തരമായി നിയമനം നടത്തിയത്. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള പ്രൊഫഷണൽ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത 1.29 ലക്ഷം പ്രൊഫഷണലായി യോഗ്യതയുള്ള യുവാക്കൾ തങ്ങളുടെ ഊഴം കാത്തിരിക്കുമ്പോഴാണ് മറ്റ് ഏജൻസി വഴി സമാന്തരമായി കെ-ഡിസ്കിൽ ഉയർന്ന ശമ്പളമുള്ള ജോലികളിൽ 258 നിയമനങ്ങൾ സംസ്ഥാന സർക്കാർ നടത്തിയത്. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകൾ നൽകുന്ന പട്ടികയിൽ നിന്നല്ലാതെ നേരിട്ടുള്ള നിയമനങ്ങൾ ഏറ്റെടുക്കാൻ സർക്കാർ സിഎംഡിക്ക് അധികാരം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ നിലനിൽക്കെയാണ് ചട്ടങ്ങളും നിയമങ്ങളും മറികടന്നുള്ള സർക്കാർ നടപടി. സെക്രട്ടറി, സീനിയർ കൺസൾട്ടന്‍റ്, ജനറൽ മാനേജർ, പ്രോഗ്രാം മാനേജർ, ആർക്കിടെക്റ്റുകൾ, പ്രോഗ്രാം എക്സിക്യൂട്ടീവുകൾ തുടങ്ങിയ ഒഴിവുകളിലാണ് നിയമനങ്ങൾ നടത്തിയത്. ഓഫീസ് അറ്റൻഡന്‍റിന്  പ്രതിമാസം 18,390 മുതൽ സീനിയർ കൺസൾട്ടന്റുകൾക്ക് 2,20,000 രൂപ വരെയാണ് ശമ്പളം നൽകുന്നത്.

എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് ആക്ട് 1959 പ്രകാരം എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകൾ വഴി മാത്രമേ പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നടത്താവൂ എന്ന ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന എല്ലാ വകുപ്പ് മേധാവികൾക്കും സ്ഥാപന മേധാവികൾക്കുമെതിരെ നടപടിയെടുക്കാവുന്നതാണ്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് സർക്കാർ പിന്‍വാതില്‍  നിയമനങ്ങള്‍ യഥേഷ്ടം തുടരുന്നത്.