ലോകം ആകാംക്ഷയോടെ കാത്തിരുന്ന ട്രംപ്-കിം ആദ്യ കൂടിക്കാഴ്ച വിജയകരം. ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഒപ്പിട്ടു. അഭിമാനകരമായ മുഹൂർത്തമെന്ന് ട്രംപ്. ചരിത്ര ബന്ധത്തിന് തുടക്കം കുറിച്ചതിൽ സന്തോഷമെന്ന് കിം ജോങ് ഉൻ.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ഇരു രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവെച്ചത്. ഭൂതകാലം മറക്കുമെന്നും നിർണായക മാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു.
മറ്റുള്ളവർ കരുതിയതിനേക്കാൾ ഫലപ്രദമായ ചർച്ചകളാണ് നടന്നതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കൊറിയയുമായുള്ള ബന്ധം വ്യത്യസ്തമാണെന്ന് വ്യക്തമാക്കിയ ട്രംപ് കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു. സമാധാനത്തിലേക്കുള്ള മികച്ച ചുവടുവെപ്പാണിതെന്ന് കിം ജോങ് ഉന്നും പ്രതികരിച്ചു. ചർച്ച യാഥാർഥ്യമാക്കിയ ട്രംപിന് കിം നന്ദി പറഞ്ഞു.
ചർച്ച ഫലപ്രദമായതിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ ഇരുരാജ്യങ്ങളുടേയും പതാകകള്‍ക്ക് മുമ്പിൽ നേതാക്കൾ ഹസ്തദാനം നൽകിക്കൊണ്ടാണ് കൂടിക്കാഴ്ച തുടങ്ങിയത്.