24 മണിക്കൂർ, 1 ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍; ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങി ഹൈബി ഈഡന്‍ എംപിയുടെ ബോധവത്ക്കരണ പദ്ധതി

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ആർത്തവ ശുചിത്വ ക്യാമ്പെയ്ന്‍ എന്ന ഖ്യാതിയോടെ മുത്തൂറ്റ് ഫിനാൻസിന്‍റെ സഹകരണത്തോടെ ഹൈബി ഈഡൻ എംപി നടപ്പാക്കുന്ന ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതി ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങുന്നു. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് റെക്കോർഡ് കുറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഹൈബി ഈഡൻ എംപി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി ഒരു ലക്ഷം കപ്പുകളുടെയും 120 വേദികളുടെയും പ്രീ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചതായും ഹൈബി ഈഡൻ എംപിപറഞ്ഞു. ഈ മാസം 30 ന് ഉച്ചയ്ക്ക് 2 മണി മുതൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മെൻസ്ട്രൽ കപ്പുകളുടെ വിതരണം ആരംഭിക്കും. ഗിന്നസ് ലോക റെക്കോർഡിനായുള്ള ഔദ്യോഗിക അഡ്ജുഡിക്കേറ്ററുടെ സാന്നിധ്യത്തിലായിരിക്കും വിതരണം. രജിസ്റ്റർ ചെയ്തിട്ടുള്ള വേദികളുടെ പ്രതിനിധികൾ കപ്പുകൾ ഏറ്റുവാങ്ങും.

31 ന് രാവിലെ 10 മണി മുതൽ 120 വേദികളിൽ കപ്പുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് ലുലു മാൾ ഏട്രിയത്തിൽ ഗിന്നസ് പ്രഖ്യാപന ചടങ്ങ് നടക്കും. അഞ്ച് മണിക്ക് സ്റ്റീഫൻ ദേവസ്സിയുടെ സംഗീത പരിപാടിയോടെ ചടങ്ങുകൾക്ക് തുടക്കമാകും. 6 മണിക്ക് കപ്പ് ഓഫ് ലൈഫ് പദ്ധതി ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ചത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും. എറണാകുളം ജില്ലാ ഭരണകൂടം, ഐഎംഎ കൊച്ചി എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഒന്നരക്കോടി രൂപയാണ് സിഎസ്ആർ ഫണ്ടിൽ നിന്ന് മുത്തൂറ്റ് ഫിനാൻസ് അനുവദിച്ചത്.

നിരവധി ബോധവത്‌ക്കരണ പരിപാടികളാണ് കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി നടന്നു വന്നത്. ഐഎംഎ കൊച്ചിയുടെ നേതൃത്വത്തിൽ ആയിരത്തോളം വളണ്ടിയർമാർക്കാണ് ആർത്തവ ശുചിത്വം സംബന്ധിച്ചും മെൻസ്ട്രൽ കപ്പ് ഉപയോഗം സംബന്ധിച്ചും പരിശീലനം നൽകിയത്. മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം ജോർജ്, ഐഎംഎ കൊച്ചിൻ പ്രസിഡന്‍റ് ഡോ. മരിയ ജോർജ്, ചീഫ് പ്രോജക്ട് കോർഡിനേറ്റർ ഡോ. എം.എം ഹനീഷ്, പ്രോജക്ട് കോർഡിനേറ്റർ ഡോ. അഖിൽ സേവ്യർ മാനുവൽ, കപ്പ് ഓഫ് ലൈഫ് ജനറൽ കൺവീനർ ഡോ. ജുനൈദ് റഹ്മാൻ തുടങ്ങിയവവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments (0)
Add Comment