മന്ത്രിയുടെ പ്രസംഗത്തിന് വേദിയൊരുക്കാന്‍ തൊഴിലാളികള്‍ക്ക് എട്ടിന്‍റെ പണി നല്‍കി സംഘാടകർ; മണിക്കൂറുകളോളം വലിയ ബോർഡും താങ്ങിപ്പിടിച്ച് തൊഴിലാളികൾ

Jaihind News Bureau
Friday, February 14, 2020

വേദിയിൽ മന്ത്രിയുടെ പ്രസംഗം നടക്കുമ്പോൾ മണിക്കൂറുകളോളം ബോർഡ് പിടിച്ച് തൊഴിലാളികൾ. ഫെസ്റ്റിന്‍റെ ഭാഗമായി മറ്റ് പണികള്‍ക്കെത്തിയ തൊഴിലാളികള്‍ക്കാണ് സംഘാടകരുടെ വക എട്ടിന്‍റെ പണി കിട്ടിയത്. കേരള കര്‍ഷകസംഘം സംസ്‌ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ അഗ്രി ഫെസ്‌റ്റ്‌ ഉദ്‌ഘാടനവേദിയിലായിരുന്നു സംഭവം. ആശ്രാമം മൈതാനിയില്‍ നടന്ന പരിപാടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കൂറ്റന്‍ ബോര്‍ഡ്‌ താങ്ങിപ്പിടിച്ച് പരിപാടി അവസാനിക്കുന്നത് വരെ അതിന് പിന്നില്‍ തന്നെയിരുന്നു രണ്ടു ചെറുപ്പക്കാര്‍. മന്ത്രി വി.എസ്‌.സുനില്‍കുമാര്‍ പ്രസംഗിക്കുമ്പോഴും ഇവർ ബോർഡ് പിടിച്ചിരിക്കുകയായിരുന്നു.

ഫെസ്‌റ്റിന്‍റെ ഭാഗമായി പന്തല്‍ പണിക്കെത്തിയ എറണാകുളം സ്വദേശിക്കും ഇലക്‌ട്രിക്കല്‍ ജോലിക്കെത്തിയ കൊല്ലം സ്വദേശിക്കുമാണ്‌ സംഘാടകരുടെ വക സൂപ്പർ പണി കിട്ടിയത്‌. വൈകിട്ട്‌ അഞ്ചരയോടെ ആരംഭിച്ച ഉദ്‌ഘാടന പരിപാടി അവസാനിക്കാന്‍ ഏകദേശം ഒന്നര മണിക്കൂറിലേറെ സമയം എടുത്തു. ഈ സമയമത്രയും ബോര്‍ഡിനെ രണ്ടു ഭാഗത്ത് നിന്ന് താങ്ങിയിരിക്കുകയായിരുന്നു ഇവർ രണ്ടുപേരും.