കൊല്ലത്ത് നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍

Jaihind News Bureau
Thursday, April 9, 2020

കൊല്ലം കൊട്ടാരക്കര വിളക്കുടി സ്നേഹതീരത്തിന് മുന്നിലെ വീട്ടില്‍ ദിവസങ്ങള്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അർധരാത്രിയോടെയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് കരുതുന്നു. കുന്നിക്കോട് പോലീസ് കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും.

കുട്ടിയുടെ കരച്ചില്‍ കേട്ടുണര്‍ന്ന വീട്ടുകാർ സ്‌നേഹതീരം അധികൃതരെ അറിയിക്കുകയായിരുന്നു. സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റിലെ ഡയറക്ടര്‍ സിസ്റ്റര്‍ റോസ്ലിന്‍ കുട്ടിയെ ഏറ്റെടുത്ത് പോലീസിന് കൈമാറി. പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കി. കുട്ടി നിലവില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ കഴിയുന്നുവെന്ന് പുനലൂര്‍ താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു.