2കോടി 35 ലക്ഷം കൈതോലപ്പായയില്‍ പൊതിഞ്ഞ് ‘സിപിഎം നേതാവ്’ ഇന്നോവക്കാറില്‍ കൊണ്ട് പോയി; ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി. ശക്തിധരന്‍

Jaihind Webdesk
Monday, June 26, 2023

കൊച്ചി: രണ്ടുകോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞുകൊണ്ടുപോയ സി പി എം ഉന്നത നേതാവിനെക്കുറിച്ച് ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്‍ പങ്കു വച്ച ഫേസ് ബുക്ക്  പോസ്റ്റ് വൈറലാകുന്നു. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ഒരു നേതാവിന്‍റെ  ഇന്നോവ കാറിന്‍റെ  ഡിക്കിയിലാണ്  ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും  ജി ശക്തിധരന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്‍ സി പി എംലെ ഒരു ഉന്നത നേതാവിനെക്കുറിച്ച് എഴുതിയ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ ചൂട്പിടിക്കുകയാണ്.
കൊച്ചിയിലെ തന്‍റെ ഓഫീസിലെ ഒരു മുറിയില്‍ താമസിച്ചാണ് വന്‍ തോക്കുകള്‍ നല്‍കിയ പണം ഈ നേതാവ് ശേഖരിച്ചതെന്നും ഇദ്ദേഹം ജനിച്ചത് വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ ആണെന്നും അക്കാലത്ത് അദ്ദേഹത്തിന്‍റെ പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമായിരുന്നു ഈ കൈതോലപ്പായയെന്നും ശക്തിധരന്‍ തന്‍റെ എഫ് ബി പോസ്റ്റില്‍ സൂചിപ്പിക്കുന്നു. അന്ന് ആദ്യമായിട്ടാണ് ഈ നേതാവ് തന്‍റെ ഓഫീസിലുള്ള ആ മുറിയില്‍ താമസിച്ചത്. അതിന് മുമ്പ് രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ കണ്ണൂരിലെ ഒരു നേതാവ് ചികല്‍സക്കായി ഈ മുറിയില്‍ അതിനുമുമ്പ് താമസിച്ചിരുന്നതായും ജി ശക്തിധരന്‍ പറയുന്നു.
എന്നാല്‍ ഈ പണം എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ലന്നും ജി ശക്തിധരന്‍ പറയുന്നു. അത് പോലെ തന്നെ കോവളത്തെ പ്രശസ്തമായ ഒരു ഹോട്ടലില്‍ വച്ചും ഈ നേതാവിന് ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ ലഭിച്ചിരുന്നു. രണ്ട് വലിയ കെട്ടുകളായിട്ടാണ് ആ പണം ലഭിച്ചത്. അതില്‍ ഒരു കെട്ട് പാര്‍ട്ടി ആസ്ഥാനത്തെ സീനിയര്‍ ആയ ജീവനക്കാരന് നല്‍കിയതെന്നും അടുത്ത് കെട്ട് പാര്‍ട്ടി ആസ്ഥാനത്തിന് അടുത്തുള്ള തന്‍റെ  ഫ്ലാറ്റിലേക്ക് ഈ നേതാവ് കൊണ്ടുപോയെന്നും ജി ശക്തിധരന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം ഭരണതലത്തിലെ ഉന്നതന്‍ ഭീമമായ തുക കൈകൂലി വാങ്ങി കൈതോല പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയെന്ന ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ ഉടന്‍ കേസെടുക്കണമെന്നും ശക്തിധരന്‍റെ  മൊഴി ഉടന്‍ രേഖപെടുത്തണമെന്നും ബെന്നി ബഹനാന്‍ എം.പി. വെളിപ്പെടുത്തലിന്‍റെ  പശ്ചാത്തലത്തില്‍ ശക്തിധരന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.