സിപിഎം, സംഘപരിവാർ പാതയിലെന്ന് പ്രതിപക്ഷ നേതാവ്; സജി ചെറിയാന്‍ വിഷയത്തില്‍ രാജ്ഭവന്‍ മാർച്ച് നടത്തി കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, January 4, 2023

 

തിരുവനന്തപുരം: സിപിഎം ആർഎസ്എസ് ആശയങ്ങളോട് പൊരുത്തപ്പെട്ടിരിക്കുകയാണെന്ന്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണഘടനയെ അപമാനിച്ചുകൊണ്ട് സജി ചെറിയാൻ പറഞ്ഞത് ആർഎസ്എസ് ആശയങ്ങളാണെന്നും അതിനെ സിപിഎം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് നേതാവ് ഗോൾവാക്കർ വിചാരധാരയിൽ നടത്തിയ പരാമർശങ്ങളാണ് സജി ചെറിയാൻ വിവാദ പ്രസംഗത്തിലൂടെ പറഞ്ഞത്. ഇതിനെ സിപിഎം അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസിന്‍റെ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംഘപരിവാർ പാതയിൽ സിപിഎം എത്തിയിരിക്കുകയാണെന്നും ആർഎസ്എസ് ആശയങ്ങളോട് സിപിഎം പൊരുത്തപ്പെട്ടിരിക്കുകയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

ഗവർണർക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഇടനിലക്കാരുണ്ടെന്നും ഈ ബന്ധത്തിന്‍റെ ഉദാത്ത ഉദാഹരണമാണ് സജി ചെറിയാന്‍റെ  സത്യപ്രതിജ്ഞയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവർണറും മുഖ്യമന്ത്രിയും രണ്ടു പേരും കള്ളന് കഞ്ഞിവെച്ചവരാണെന്നും നിയമപരമായി സജി ചെറിയാനെ താഴെയിറക്കാൻ കോൺഗ്രസ് അവസാനം വരെ മുന്നോട്ടു പോകുമെന്നും സമരത്തിൽ പങ്കെടുത്ത കെ മുരളീധരൻ എംപി പറഞ്ഞു. സജി ചെറിയാന്‍ വീണ്ടും മന്ത്രിയാക്കുന്നതിൽ ശക്തമായ പ്രതിഷേധമുയർത്തിയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്.