യുക്രെയ്നില്‍ കൊല്ലപ്പെട്ടത് 198 സാധാരണക്കാർ; ഇതില്‍ മൂന്ന് കുട്ടികളും

Jaihind Webdesk
Saturday, February 26, 2022

കീവ് : റഷ്യൻ ആക്രമണത്തിൽ ഇതുവരെ 198 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ ആരോഗ്യമന്ത്രി അറിയിച്ചു.

വ്യാഴാഴ്ചയാണ് റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ കനത്ത നാശനഷ്ടമാണ് യുക്രെയ്നില്‍ സംഭവിച്ചത്. റഷ്യന്‍ ബോംബാക്രമണത്തിലും ഷെല്ലിംഗിലും സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും വാസസ്ഥലങ്ങള്‍ തകര്‍ന്നടിയുകയും ചെയ്തു.

അതേസമയം റഷ്യൻ സൈന്യത്തിന്‍റെ ആക്രമണത്തിനെതിരായി യുക്രെയ്ൻ ശക്തമായ ചെറുത്തുനിൽപ്പ് തന്നെയാണ് നടത്തുന്നത്. താന്‍ എങ്ങും പോയിട്ടില്ലെന്നും അടിയറവ് പറയില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലെന്‍സ്കി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.