യു.എ.ഇയില്‍ ഒരുദിനം 1923 കൊവിഡ് കേസുകള്‍ ; പരിശോധന നടത്തിയത് ഒന്നര ലക്ഷത്തിലധികം പേരില്‍ ; രോഗമുക്തി നിരക്കും വര്‍ധിച്ചു

Jaihind News Bureau
Saturday, January 2, 2021

 

ദുബായ് : യു.എ.ഇയില്‍ ശനിയാഴ്ച കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഇതനുസരിച്ച് 1963 കേസുകളുമായി ഒരു ദിനം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ ദിനമായി പുതുവര്‍ഷത്തിലെ രണ്ടാം ദിനം മാറി. യു.എ.ഇയിലെ കൊവിഡ് കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണ് ഈ കണക്ക്. എന്നാല്‍, 1,52,588 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മാത്രവുമല്ല രണ്ടായിരത്തിലധികം (2081) പേര്‍ക്ക് ഒരു ദിനം രോഗമുക്തി ലഭിച്ചതും ആശ്വാസകരമാണ്.

ഇതോടെ യു.എ.ഇയില്‍ ഇതുവരെ രോഗം വന്നവര്‍ 2,11,641 ആയി കൂടി. മൂന്ന് പേര്‍ മരിച്ചതോടെ ആകെ മരണം 674 ആയി. ഇതുവരെ യു.എ.ഇയില്‍ രോഗം മാറിയവര്‍ 1,88,100 ആണ്. അതേസമയം 22,867 പേര്‍ രാജ്യത്ത് കൊവിഡിന് ചികിത്സയിലുണ്ട്. 2 കോടിയിലധികം പേരില്‍ ഇതുവരെ കൊവിഡ് ടെസ്റ്റ് രാജ്യത്ത് നടത്തിക്കഴിഞ്ഞു.