ലീഡറില്ലാതെ ഒരു വ്യാഴവട്ടം; കെ കരുണാകരന്‍ ഓര്‍മ്മദിവസത്തിന് 12 വയസ്

Jaihind Webdesk
Friday, December 23, 2022

ഓരോ ചുവടും പതറാതെ മുന്നോട്ട് നീങ്ങിയ രാഷ്ട്രീയ ചാണക്യന്‍ ലീഡർ ‘കെ.കരുണാകരന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് 12 വയസ്. നേതാവാവുക എന്നത് ഒരു കലയാണെന്ന് തെളിയിച്ച ഒരേയൊരു ലീഡറായിരുന്നു കരുണാകരന്‍. തീരുമാനങ്ങളെടുക്കുന്നതിലെ ചടുലതയും അത് നടപ്പാക്കുന്നതിലെ ഇച്ഛാശക്തിയുമാണ് മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്ന് കരുണാകരനെ വ്യത്യസ്തനാക്കിയത്.

ലീഡർ എന്ന പദത്തിന് ആളും അർത്ഥവും നൽകിയ ഏക നേതാവ് കെ. കരുണാകരനെന്ന രാഷ്ട്രീയ ആചാര്യൻ  മാത്രമാണ്.
തന്‍റെ ജീവിതത്തിലുടനീളം നേരിടേണ്ടി വന്ന അഗ്‌നി പരീക്ഷണങ്ങളെ നേരിടാനുള്ള അസാമാന്യമായ മനക്കരുത്തും തന്‍റേടവും കെ.കരുണാകരൻ എന്ന നേതാവിനെ  മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി.

നാല് തവണ മുഖ്യമന്ത്രിയായ കെ.കരുണാകരൻ കേരളത്തിന്‍റെ വികസന രംഗത്ത് നൽകിയ സംഭാവനകൾ നിസ്തുലമാണ്. നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ,ഗോശ്രീ പാലം, ഏഴുമല നേവൽ അക്കാദമി, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തുടങ്ങി പതിനാല് ജില്ലകളിലും കരുണാകര സ്പർശമുള്ള എന്തെങ്കിലും വികസന പദ്ധതികളുണ്ടാകും എന്നത് ചരിത്രം .

കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃസ്ഥാനത്തുള്ള ഒട്ടു മിക്ക നേതാക്കളുടെയും വളർച്ചയിൽ കരുണാകരൻ വഹിച്ച പങ്ക് നിർണായകമാണ്.

1991ൽ രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് പി നരസിംഹ റാവുവിനെ പ്രധാനമന്ത്രി പദത്തിലേക്കുയർത്തി “കിംങ്ങ് മേക്കറായി ” ദേശീയ രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടതും കെ കരുണാകരനാണ്.

1967 ൽ കെ.കരുണാകരൻ കേരളത്തിൻ്റെ പ്രതീക്ഷനേതാവാകുമ്പോൾ കോൺഗ്രസിൻ്റെ അംഗ സംഖ്യ വലം ഒൻപത് സീറ്റ് മാത്രം.1970 ൽ 9 ൽ നിന്ന് 32 സീറ്റിലേക്കും 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റ സീറ്റുകളുടെ എണ്ണം 113 ആയും ഉയർത്തി യുഡിഎഫിൻ്റെ അനിഷേധ്യ നേതാവായി മാറി ലീഡർ കെ.കരുണാകരൻ

ഇന്ത്യൻ നാഷണൽ കോൺഗ്രസും ഗുരുവായൂരപ്പനും, ഭക്തിയും വിശ്വാസവുമായിരുന്ന കെ.കരുണാകരൻ്റെ ജീവിതയാത്രയിൽ മൂവർണ്ണക്കൊടി മാത്രമായിരുന്നു അദ്ദേഹം ഹൃദയത്തോട് ചേർത്ത് വെച്ചിരുന്നത്.

കണ്ണൂരിൽ നിന്ന് ചിത്രകല പഠിക്കുവാനായി തൃശൂരിലെത്തി രാഷ്ട്രീയ കേരളത്തിൻ്റെ ചിത്രം തന്നെ മാറ്റി വരച്ച പ്രതിഭാശാലിയായിരുന്ന ലീഡറുടെ ഓർമ്മകൾക്ക് ജനമനസ്സിൽ വലിപ്പം ഏറെയാണ്