പുന്ന നൗഷാദ് വധം: 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Jaihind Webdesk
Wednesday, July 31, 2019

തൃശ്ശൂര്‍ ചാവക്കാട് പുന്നയിൽ വെട്ടേറ്റ് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 10 എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ. ചാവക്കാട് പുന്ന ബൂത്ത് കോണ്‍ഗ്രസ്  പ്രസിഡന്റ് നൗഷാദ് വധക്കേസിലാണ് ഇവരെ കസ്റ്റ‍ഡിയിലെടുത്തത്.  ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് നൗഷാദ് ഉള്‍പ്പടെ നാലു പേര്‍ക്ക് നേരെ അക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് ചാവക്കാട് പുന്ന സെന്ററില്‍ വച്ച് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനും കൂടെയുണ്ടായിരുന്ന വിജേഷ് നിഷാദ്, സുരേഷ് എന്നിവര്‍ക്ക് നേരെ അക്രമണം ഉണ്ടായത്. മാരകായുദ്ധങ്ങളുമായി ബൈക്കിലെത്തിയ 18 അംഗ സംഘം ഇവര്‍ക്ക് നേരെ അക്രമണം അഴിച്ചു വിടുകയായിരുന്നു,

നൗഷാദിനും, വിജേഷിനും അക്രമണത്തില്‍ ഗുരുതര പരിക്കുകള്‍ ഏറ്റിരുന്നു. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിനും ഇരു കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ നൗഷാദ് ഇന്ന് രാവിലെ 9 മണിയോടു കൂടി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ 10 എസ്ഡിപിഐ പ്രദേശിക നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ പുന്നയില്‍ ആസൂത്രിതമായി നടപ്പിലാക്കിയ അക്രമണമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നി്ന്ന് വിലാപയാത്രയായി കൊണ്ടു പോയ മൃതദേഹം വൈകുന്നേരം 9 മണിയോടു കൂടി പുന്ന ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.