ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച ‘ആനക്കുളം’ നശിക്കുന്നു

Jaihind News Bureau
Monday, July 9, 2018

കണ്ണൂര്‍ നഗരത്തിൽ ലക്ഷകണക്കിന് രൂപ മുടക്കി നവീകരിച്ച ആനക്കുളം സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കില്‍. ലക്ഷങ്ങള്‍ ചെലവഴിച്ച്‌ നിര്‍മിച്ച ചുറ്റുമതിലും നിര്‍മാണത്തിലെ അപാകതയെ തുടർന്ന് ഇടിയുകയാണ്.

കഴിഞ്ഞ ഓഗസ്‌റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നവീകരിച്ച ആനക്കുളം നാടിന്‌ സമര്‍പ്പിച്ചത്‌. എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പ്‌ കുളം വൃത്തിഹീനമാവുകയും കല്‍പ്പടവുകളും ഭിത്തികളും തകര്‍ന്ന്‌ അപകടാവസ്ഥയിലാവുകയും ചെയ്‌തു. ഇതോടെ ആളുകള്‍ ഇവിടേയ്‌ക്ക്‌ വരാതായി. കുളത്തിന്‍റെ പരിസരത്ത് മദ്യപൻമാരുടെ ശല്യവും രൂക്ഷമാണ്.

ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കുളത്തിന്‍റെ പുറംമതിലും തകർച്ചയുടെ വക്കിലാണ്.നിർമാണത്തിലെ അപാകത കാരണം മതിലിൽ പല ഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. പുറത്തുനിന്നുള്ള മലിന ജലം കുളത്തിനകത്തെ വെള്ളത്തിൽ കലരുന്നുണ്ട്.

ആനക്കുളത്തിന്‍റെ പരിസരത്തേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി വിളക്കുകളും ഇരിപ്പിടങ്ങളും പെഡല്‍ ബോട്ടുകളും ഏര്‍പ്പെടുത്തണമെന്നത് തുടക്കം മുതലുള്ള ആവശ്യമായിരുന്നു. എന്നാല്‍ എല്ലാം പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങി. കുളത്തിലേക്കുള്ള റോഡ്‌ നവീകരിക്കുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല.

ഒരിക്കലും വറ്റാത്ത ജലാശയം സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിയുണ്ടാകണമെന്നാണ്‌ കുളം സംരക്ഷണസമിതി പ്രവര്‍ത്തകരുടെ ആവശ്യം. കുളത്തിന്‍റെ ഉടമസ്ഥാവകാശമുള്ള കോര്‍പറേഷന്‍ പക്ഷേ ഇപ്പോഴും മൗനം തുടരുകയാണ്‌.