രണ്ടര പതിറ്റാണ്ടിനു ശേഷം ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുന്നു; നടപടി 7 ദിവസത്തിനുള്ളില്‍

Jaihind News Bureau
Friday, July 27, 2018

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ട് രണ്ടര പതിറ്റാണ്ടിനു ശേഷം തുറക്കാൻ ഒരുങ്ങുന്നു. ഏഴു ദിവസത്തിനുള്ളിൽ അണക്കെട്ട് തുറന്നു വിടേണ്ടി വരുമെന്നു് മന്ത്രി എം.എം.മണി

ജലനിരപ്പ് ഏഴടി കൂടി ഉയർന്നാൽ ഇടുക്കി ജലസംഭരണിയിലെ വെള്ളം തുറന്നു വിട്ട് ജലനിരപ്പ് താഴ്‌ത്തേണ്ടി വരും.  ആർച്ച് ഡാമായ ഇടുക്കി ഡാമിന് ഷട്ടറുകളില്ലാത്തതിനാൽ അനുബന്ധ ഡാമായ ചെറുതോണി ഡാമിന്റെ സ്സിൽവേയിലൂടെ മാത്രമെ വെള്ളം തുറന്നു വിടാൻ കഴിയൂ. ജലനിരപ്പ് 2390 അടിയായപ്പോൾ തന്നെ കെ.എസ്.ഇ.ബി. ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇപ്പോഴത്തെ ജലനിരപ്പ് 2392.5 അടിയാണ്. 2395 അടിയാകുമ്പോൾ രണ്ടാമത്തെ ജാഗ്രതാ നിദ്ദേശം നൽകും. 2400 അടിയിലേക്ക് ജലനിരപ്പുയരുമ്പോഴാണ് ഡാം തുറന്നു വിട്ട് ജലനിരപ്പുതാഴ്ത്തുക.

മൂലമറ്റം പവർ ഹൗസിൽ നിന്നുമുള്ള വൈദ്യുതി ഉൽപാദനം പരമാവധിയിൽ എത്തിച്ചിട്ടും ഉൽപാദനത്തിനെടുക്കുന്ന വെള്ളത്തിന്‍റെ നാലിരട്ടിയിലധികം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പരമാവധി സംഭരണ ശേഷി 2403 ൽ നിന്നും 2400 അടിയായി കുറച്ചത്. ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു വിട്ടാൽ പെരിയാറിന്‍റെ തീരപ്രദേശങ്ങളിലാകെ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.