മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു

Jaihind News Bureau
Thursday, August 23, 2018

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കുൽദീപ് നയ്യാർ (95) അന്തരിച്ചു. പുലർച്ചെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ഡൽഹിയിൽ നടക്കും. ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ച അദ്ദേഹം രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചു.

ഇന്ത്യ-പാക് സൗഹൃദം വർധിപ്പിക്കാൻ ഏറെ പരിശ്രമിച്ച വ്യക്തിയായിരുന്നു കുൽദീപ് നയ്യാർ. ഇപ്പോൾ പാകിസ്ഥാനിലുള്ള സിയാൽ കോട്ടിൽ 1923ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അതുകൊണ്ടു തന്നെയായിരുന്നു തന്റെ രാജ്യം രണ്ടായി പകുത്തപ്പോൾ അദ്ദേഹം ഏറെ വേദനിച്ചതും.

1990ലാണ് ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി കുൽദീപ് നയ്യാർ നിയമിതനായത്. ഇന്ത്യ ബ്രിട്ടൺ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിൽ അക്കാലത്ത് ഏറെ പങ്കുവഹിച്ചിരുന്നു അദ്ദേഹം. 1996ൽ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ പ്രതിനിധിയായി. 1997ലാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത്.

‘വരികൾക്കിടയിൽ’ എന്ന കുൽദീപ് നയ്യാറിന്റെ കോളം ലോകത്തിലെ വിവിധ ഭാഷകളിലെ എൺപതോളം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. കുൽദീപ് നയ്യാർ ഓർമയാകുമ്പോൾ മികച്ച ഒരു പത്രപ്രവർത്തകനെയും നയതന്ത്രജ്ഞനെയുമാണ് രാജ്യത്തിന് നഷ്ടമാകുന്നത്.