മലേഷ്യ വികസന ഫണ്ടിലെ തിരിമറി; മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അറസ്റ്റില്‍

Jaihind News Bureau
Wednesday, July 4, 2018

വൺ മലേഷ്യ വികസന ഫണ്ടിൽ നിന്ന് വൻതുക പോക്കറ്റിലാക്കിയെന്ന കേസിൽ മുൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്കിനെ അഴിമതിവിരുദ്ധ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. 20 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിൻറെ പേരിലുള്ളതെന്ന് ബർനാമ വാർത്താ ഏജൻസി പറഞ്ഞു.

എം.ഡി.ബി ഫണ്ടിൽ 450 കോടി ഡോളറിൻറെ തിരിമറി നടന്നെന്നാണ് ആരോപണം. ഇതിൽ 70 കോടി ഡോളർ നജീബ് തട്ടിയെടുത്തുവെന്നാണ് കേസ്. 2009ൽ നജീബ് തന്നെയാണ് വികസനഫണ്ടിന് രൂപം നൽകിയത്. ക്വാലാലംപൂരിനെ സാമ്പത്തിക മേഖലയാക്കുകയും തന്ത്രപ്രധാന നിക്ഷേപങ്ങളിലൂടെ സമ്ദ് വ്യവസ്ഥയ്ക്ക് ഊർജം പകരുകയുമായിരുന്നു ലക്ഷ്യം.

ബാങ്കുകൾക്കും മറ്റ് നിക്ഷേപകർക്കും കൊടുക്കാനുള്ള തുക കുടിശികയായി. വികസനഫണ്ടിലെ തുകയിൽ 70 കോടി ഡോളർ നജീബിൻറെ സ്വകാര്യ അക്കൗണ്ടുകളിലെത്തിയതായി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു. എന്നാൽ നജീബ് ആരോപണങ്ങളെല്ലാം നിഷേ ധിച്ചു.

പൊതു തെരഞ്ഞെടുപ്പിൽ ഈ അഴിമതി ആരോപണം വലിയ വിഷയമായിരുന്നു. തെരഞ്ഞെടുപ്പിൽ നജീബ് തറപറ്റിയതിനെത്തുടർന്ന് മഹാതീർ മുഹമ്മദ് പ്രധാനമന്ത്രിയാവുകയും പുതിയ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
ജൂണിൽ പോലീസ് നടത്തിയ റെയ്ഡിൽ നജീബിൻറെ വസതിയിൽനിന്നും മറ്റുമായി ആഢംബരവസ്തുക്കളും ആഭരണശേഖരവും പണവും ഉൾപ്പെടെ 27 കോടി ഡോളറിൻറെ വസ്തുക്കൾ കണ്ടെടുത്തിരുന്നു.