മധ്യപ്രദേശിലെ കോണ്‍ഗ്രസ് സർക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി കോടികള്‍ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി ബി.എസ്.പി എം.എല്‍.എ. കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ 60 കോടി രൂപയും മന്ത്രിസ്ഥാനവും നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി ബി.എസ്.പി എം.എല്‍.എ രമാഭായ് സിംഗ് വെളിപ്പെടുത്തി. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി നടത്തിയ കുതിരക്കച്ചവടശ്രമങ്ങളാണ് ഇതോടെ വെളിപ്പെടുന്നത്.
ബി.ജെ.പി എല്ലാവര്‍ക്കും വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെന്ന് രമാഭായ് പറഞ്ഞു. ബി.ജെ.പിയുടെ പ്രലോഭനത്തില്‍ വീഴാന്‍ വിഡ്ഡികള്‍ക്കുമാത്രമേ സാധിക്കൂ. മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് ബി.ജെ.പി തന്നെയും സമീപിച്ചെന്നും താനത് നിരസിച്ചുവെന്നും രമാഭായ് സിംഗ് വ്യക്തമാക്കി. 60 കോടി രൂപ വരെ ബി.ജെ.പി പലര്‍ക്കും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രമാഭായ് സിംഗ് പറഞ്ഞു.
മധ്യപ്രദേശില്‍ 2018ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ നിലംപരിശാക്കി കനത്ത വിജയമായിരുന്നു സ്വന്തമാക്കിയത്. 230 ല്‍ 114 സീറ്റായിരുന്നു കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പടയോട്ടം. രണ്ട് സീറ്റാണ് ബി.എസ്.പിക്ക് ലഭിച്ചത്. ബി.എസ്.പി പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി ശ്രമിക്കുന്നതായി നേരത്തേ മുഖ്യമന്ത്രി കമല്‍നാഥ് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. പണം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി തങ്ങളുടെ എം.എല്‍.എമാരെ ബി.ജെ.പി സമീപിച്ചെന്നായിരുന്നു മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞത്. ഇപ്പോള്‍ ബി.എസ്.പി എം.എല്‍.എ രമാഭായ് സിംഗ് നടത്തിയ വെളിപ്പെടുത്തല്‍ ഇതിനെ സാധൂകരിക്കുന്നതാണ്. എന്നാല്‍ ബി.ജെ.പിയുടെ നീക്കത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് പണത്തിനല്ല പ്രാധാന്യമെന്നും മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നിലനില്‍ക്കുക എന്നതാണ് ആവശ്യമെന്നും ബി.എസ്.പി വ്യക്തമാക്കി.
Ramabai, BSP MLA: They (BJP) are making offers to everyone, only fools will come under their influence. I get phone calls offering both Minister berth & money but I have denied the offers. They are offering Rs 50-60 crore to a number of people. #MadhyaPradesh pic.twitter.com/rP2ZgCKp2I
— ANI (@ANI) May 27, 2019