ഇന്ധന വിലവർധനയും രൂപയുടെ മൂല്യത്തകർച്ചയും ഉയർത്തിക്കാട്ടി കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. രാജ്യത്ത് സാമ്പത്തിക ഭീകരവാദത്തിനാണ് ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
https://www.youtube.com/watch?v=OGWJrrqpo4o
പർട്ടി ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാന ഘടകങ്ങളുമായും ആലോചിച്ചശേഷം സെപ്റ്റംബർ ആറിന് ആകും പ്രക്ഷോഭത്തിന്‍റെ തീയതി പ്രഖ്യാപിക്കുക. യു.പി.എ സർക്കാരിന്‍റെ കാലത്ത് പെട്രോൾവില ലിറ്ററിന് അഞ്ചുരൂപയും ഡീസൽവില മൂന്നുരൂപയും വർധിപ്പിച്ചതിനെ ബി.ജെ.പി വക്താവ് സാമ്പത്തിക ഭീകരവാദമെന്ന് വിശേഷിപ്പിച്ചിരുന്നുവെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.
ഇന്ന് അസംസ്‌കൃത എണ്ണവില ബാരലിന് 70 ഡോളറിനടുത്ത് നിൽക്കുമ്പോൾ 78 രൂപയാണ് ഡൽഹിയിൽ ഒരുലിറ്റർ പെട്രോളിന്‍റെ വില. ഇത് സാമ്പത്തിക ഭീകരവാദമല്ലേ എന്ന് അദ്ദേഹം ചോദിച്ചു.
ഇന്ധന വിലവർധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭമുണ്ടാവും. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില കണക്കിലെടുത്താൽ പെട്രോൾ വില എല്ലാ നികുതികളും ഉൾപ്പടെ ലിറ്ററിന് 39 രൂപയും ഡീസലിന് 37.50 രൂപയുമാണ് ആവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവില കുറയ്ക്കാൻ തയ്യാറാകാത്തപക്ഷം കശ്മീർ മുതൽ കന്യാകുമാരിവരെ കോൺഗ്രസ് പ്രവർത്തകർ പ്രക്ഷോഭവുമായി നിരത്തിലിറങ്ങും. ഇതുസംബന്ധിച്ച യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.