ഫ്‌ളക്‌സ് നിരോധനത്തിന്റെ മറവിൽ കുത്തക മാഫിയകളെ സഹായിക്കാൻ സർക്കാര്‍ നീക്കം

Jaihind News Bureau
Saturday, June 30, 2018

പരിസ്ഥിത സൗഹാർദമല്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഫ്‌ളക്‌സ് നിരോധിച്ച് പകരം പോളിഎത്തിലിൻ ഉപയോഗിക്കാനാണ് സർക്കാർ നിർദേശിക്കുന്നത്. അതേസമയം ഫ്‌ളക്‌സ് പുനരുപയോഗം സാധ്യമാകും എന്ന റിപ്പോർട്ട് ശുചിത്വ മിഷനും സംസ്ഥാന സർക്കാറും പൂഴ്ത്തി.

പരിസ്ഥിതി സൗഹാർദമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫ്‌ളകസ് നിരോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. ഫ്‌ളക്‌സ് പുനരുപയോഗം സാധ്യമല്ലെന്നും അവ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും അതിനാൽ ഫ്‌ളക്‌സിനു പകരം പോളിഎത്തിലിൻ ഉപയോഗിക്കണമെന്നുമാണ് സർക്കാറിന്റെ നിർദേശം. എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച പ്രിന്റിംഗ് മെഷീനുകൾ പോളിഎത്തിലിന് അനുയോജ്യമല്ല. ഉൽപാദന ചെലവ് ഇരട്ടിയായി വർധിക്കുകയും ചെയ്യും.

അതേസമയം ഫ്‌ളക്‌സ് പുനരുപയോഗം സാധ്യമല്ല എന്ന സർക്കാറിന്റെ വാദവും തെറ്റെന്ന് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ വ്യക്തമാക്കുന്നു. ഫ്‌ളക്‌സ് പുനരുപയോഗം സാധ്യമാകുമെന്ന് കാണിച്ച് സംസ്ഥാന സർക്കാറിനും ശുചിത്വമിഷനും സമർപ്പിച്ച പഠന റിപ്പോർട്ട് സർക്കാർ ഇടപെട്ട് പൂഴ്ത്തി.

ഫ്‌ളക്‌സ് പുനരുപയോഗം സാധ്യമല്ലെന്ന പേരിൽ പോളിഎത്തിലൻ ഇറക്കുമതി ചെയ്ത് എക്കോസൈൻ എന്ന കുത്തക കമ്പനിയെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പൊള്ളയായ വാദം ഉയർത്തിയുള്ള സർക്കാറിന്റെ നീക്കത്തിലൂടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന മൂന്നര ലക്ഷത്തോളം ആളുകളാണ് പ്രതിസന്ധിയിലാകുന്നത്.