പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

Jaihind News Bureau
Tuesday, July 17, 2018

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാവും. സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സ്പീക്കർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം ഇന്ന് നടക്കും. കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ സഭയിൽ രൂക്ഷമായി ശബ്ദമുയർത്താൻ കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ യോഗത്തിൽ ധാരണയായിട്ടില്ല.

18 ദിവസം നീണ്ടു നിൽക്കുന്ന പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക. ലോക്സഭയിൽ 68 ബില്ലുകളും രാജ്യസഭയിൽ 40 ബില്ലുകളുമാണ് ഈ സഭാ സമ്മേളനത്തിൽ പരിഗണനക്ക് വരുന്നത്. മുത്തലാഖ് ബിൽ, ഒബിസി ഭരണഘടനാ ഭേദഗതി ബിൽ, വാടക ഗർഭധാരണ ബിൽ, ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ, കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന ബിൽ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്.അതേസമയം സഭാ നടപടികൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.എന്നാൽ കേന്ദ്ര സർക്കാർ ഇത് തടസ്സപ്പെടുത്തി പ്രതിപക്ഷത്തെ പഴിചാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ ആരെ നിർത്തണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിലെ ബിജു ജനതാദൾ, ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ് എന്നീ പാർട്ടികളുടെ നിലപാടാകും നിർണായകമാവുക. ആന്ധ്രപ്രദേശിനു പുറമെ ബീഹാറും പ്രത്യേക പദവി ആവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ആൾക്കൂട്ട ആക്രമണം, രാജ്യത്തെ ക്രമസമാധാന പ്രശ്നങ്ങൾ. സ്ത്രീകൾക്ക് എതിരായ ആക്രമണം. കാർഷിക രംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സഭയിൽ ഉയർന്നു വരും

https://youtu.be/_i7-EZEdmK4