ദേശീയ ദുരന്തമായി അടിയന്തരമായി പ്രഖ്യാപിക്കണമെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് മുഴുവന്‍ പേരെയും ഇന്നു തന്നെ രക്ഷപ്പെടുത്തണമെന്നും എംഎം ഹസന്‍

Jaihind News Bureau
Saturday, August 18, 2018

കേരളം ഈ നൂറ്റാണ്ടില്‍ നേരിട്ട ഏറ്റവും വലിയ പ്രളയത്തെ ദേശീയ ദുരന്തമായി അടിയന്തരമായി പ്രഖ്യാപിക്കണമെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് മുഴുവന്‍ പേരെയും ഇന്നു തന്നെ രക്ഷപ്പെടുത്തണമെന്നും കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൂര്‍ണമായി ഫലപ്രദമായില്ല. ഔദ്യോഗിക സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയുടെ പരമിതിയാണ് സജി ചെറിയാന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തി ഇനിയൊരു ജീവന്‍ പോലും പൊലിയില്ലെന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നു ഹസന്‍ പറഞ്ഞു.

ദേശീയദുരന്തമായി പ്രഖ്യാപിച്ചാല്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ മാറ്റിവച്ച് സംസ്ഥാനത്തിനു കൂടുതല്‍ സഹായങ്ങള്‍ നല്‍കാനും അവ പെട്ടെന്നു തന്നെ പ്രഖ്യാപിക്കാനും സാധിക്കും. കേന്ദ്രസംഘം വന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസഹായം പ്രഖ്യാപിക്കുന്നത് വലിയ കാലതാമസം ഉണ്ടാക്കും. കേരളത്തിലെ പ്രളയം നേരിട്ട് വിലയിരുത്തുന്ന പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നു ഹസന്‍ ആവശ്യപ്പെട്ടു.

സൈന്യത്തെ സഹായിക്കാന്‍ കൂടുതല്‍ പോലീസ്, ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും നിയോഗിക്കണം. ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്കിയ ശേഷം മാത്രമേ ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കാവൂ എന്നും ഹസന്‍ പറഞ്ഞു.
മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പരമാവധി തുക സംഭാവന ചെയ്യണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നും അദ്ദേഹം വീണ്ടും അഭ്യര്‍ത്ഥിച്ചു.