തായ് ലന്‍ഡ് ഗുഹയില്‍ അകപ്പെട്ടവര്‍ സുരക്ഷിതര്‍; പുറത്തെത്തല്‍ വൈകും

Jaihind News Bureau
Tuesday, July 3, 2018

ബാങ്കോക്കിലെ ഗുഹയിൽ അകപ്പെട്ട ഫുട്‌ബോൾ ടീമംഗങ്ങളെയും കോച്ചിനെയും കണ്ടെത്തി. ഗുഹയില്‍ കുടുങ്ങിയവർ സുരക്ഷിതരാണെന്ന് തായ് ലന്‍ഡ് ഗവർണർ അറിയിച്ചു.

പ്രാര്‍ഥനകള്‍ വിഫലമായില്ല. ഗുഹയ്ക്കുള്ളിൽ അകപ്പെട്ട ഫുട്ബോൾ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്തി. ഗുഹയ്ക്കുള്ളില്‍ കുടുങ്ങി പത്താം ദിവസമാണ് ഇവര്‍ ജീവനോടെയുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. എങ്കിലും ഇവരെ പുറത്തെത്തിക്കുന്നതിന് കാലതാമസം നേരിടുമെന്ന് സൂചന. വെള്ളക്കെട്ടിലായ ഗുഹയിലെ പാറയിൽ അഭയം തേടിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ മാസങ്ങൾ നീണ്ടേക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

കനത്ത മഴയില്‍ ഗുഹയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്നാണ് സംഘം ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. വെള്ളം താഴുന്നതുവരെ ഇവര്‍ക്ക് ഭക്ഷണവും മരുന്നും ഗുഹയ്ക്കുള്ളിലേക്ക് എത്തിക്കേണ്ടിവരും. വെള്ളം താഴുന്നതുവരെ കാത്തിരിക്കുകയാണ് ഉചിതമെന്നും അധികൃതര്‍ പറയുന്നു. ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് ജലനിരപ്പ് താഴ്ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും കനത്ത മഴയില്‍ ഇത് പ്രായോഗികമാവുന്നില്ല.

കഴിഞ്ഞ മാസം 23ന് ആണ് ഫുട്ബോള് താരങ്ങളായ 12 കുട്ടികളും ഇവരുടെ കോച്ചും വടക്കന്‍ തായ്‍ലൻഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളിൽ പെട്ടത്. കനത്തമഴയിൽ ഗുഹയ്ക്കുള്ളിലേക്ക് ജലം ഇരച്ചുകയറുകയായിരുന്നു.  ശക്തമായ മഴയിൽ വെള്ളം നിറഞ്ഞ് ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കിറങ്ങാനാകാതെ ഇവര്‍ ഉള്ളിലേക്ക് കയറുകയായിരുന്നു. വെള്ളം വരുന്നതിന് അനുസരിച്ച് ഉള്ളിലേക്ക് നീങ്ങിയ സംഘം ഗുഹയ്ക്കുള്ളിലെ ഉയര്‍ന്ന ഒരു പാറക്കല്ലിന് മുകളിൽ അഭയം തേടിയിരിക്കുകയായിരുന്നു . 11നും 16നും ഇടയില്‍ പ്രായമുള്ളവരാണ് സംഘത്തിലെ കുട്ടികള്‍.

അതി കഠിനമായ ശ്രമങ്ങള്‍ക്കൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഗുഹയുടെ ഉള്ളിലെത്താനായത്. 10 കിലോമീറ്റര്‍ നീളമുള്ള ഗുഹയിലെ പാറയിടുക്കകള്‍ താണ്ടിയാണ് ദൌത്യസംഘം ഇവര്‍ക്കരികിലെത്തിയത്. പ്രാര്‍ഥനയോടെയുള്ള കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കുടുങ്ങിയവര്‍ ജീവനോടെയുണ്ടെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തായ് ലന്‍ഡ് സൈനികര്‍ക്ക് പുറമെ യു.എസ്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും രക്ഷാദൌത്യവുമായി എത്തിയിരുന്നു. ഗുഹയില് കുടുങ്ങിയവരുടെ കുടുംബങ്ങള്‍ക്കൊപ്പം സഹപാഠികളും അധ്യാപകരും സന്യാസിമാരുമെല്ലാം ഗുഹാമുഖത്ത് ഇവര്‍ക്കായി കാത്തുനില്‍ക്കുകയാണ്. രാജ്യമെങ്ങും പ്രാര്‍ഥനയോടെ ഇവരുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണിപ്പോള്‍.