കോവിഡ് 19: തിരുവനന്തപുരത്ത് കർശന നിയന്ത്രണം; മാളുകളും ബീച്ചുകളും അടച്ചിടും, ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കളക്ടർ

Jaihind News Bureau
Saturday, March 14, 2020
തിരുവനന്തപുരം: കോവിഡ്-19 ന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ആളുകൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന്‍ നിർദ്ദേശിച്ചു. മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയും വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരൻ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ കറങ്ങിയതായുള്ള കണ്ടെത്തലും മുന്‍നിർത്തിയാണ് ജാഗ്രതാ നിർദേശം.
നിലവിലെ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ വിവിധ മാളുകളും ബീച്ചുകളും അടയ്ക്കും. ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയവയ്‍ക്കും നിയന്ത്രണമുണ്ട്. ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കാനും രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും കളക്ടർ നിര്‍ദേശം നല്‍കി.
അതിനിടെ യുകെയിൽ നിന്നെത്തിയ ആളുടേതടക്കം ജില്ലയിലെ മറ്റ് രണ്ടു കോവിഡ് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് നടപടി തുടങ്ങി. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 249 പേരാണ് നിരീക്ഷണത്തിലുള്ളത്. 231 പേര്‍ വീടുകളിലും 18 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇനി 70 പേരുടെ പരിശോധനാ ഫലം വരാനുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്.  മാളുകൾ  ബീച്ചുകൾ തുടങ്ങിയവ അടച്ചിടും. പൊതു പരിപാടികൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.വർക്കലയിലെത്തിയ ഇറ്റാലിയൻ പൗരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുക എന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി.