കൊവിഡ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ച സംഭവം; രോഗം സ്ഥിരീകരിച്ചത് പുറത്തുവിടാന്‍ മുഖ്യമന്ത്രിക്കുവേണ്ടി ഒരു ദിവസം വൈകിപ്പിച്ചതായി ആരോപണം

Jaihind News Bureau
Sunday, April 26, 2020

pinarayi vijayan

കൊവിഡ് ബാധയെതുടര്‍ന്ന് മരിച്ച നാല് മാസം പ്രായമായ കുഞ്ഞിന് രോഗബാധ സ്ഥിരീകരിച്ചത് പുറത്തുവിടാന്‍ ഒരു ദിവസം വൈകിപ്പിച്ചതായി ആരോപണം. കുഞ്ഞിനെ ആദ്യം പരിശോധിച്ച ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയാതെ, മറ്റ് രോഗികളെ പരിശോധിക്കാന്‍ ഇടയാക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു. കുഞ്ഞിന് രോഗം സ്ഥിരീകരിച്ച വിവരം   10 മണിക്കൂർ കഴിഞ്ഞാണ്  ചികിൽസിച്ച ആശുപത്രികളെ അറിയിച്ചതെന്ന് പി.ടി തോമസ് എംഎല്‍എയും ആരോപിച്ചിരുന്നു.

രോഗ വിവരം അറിയാതെ മഞ്ചേരിയിലെ രണ്ട് ആശുപത്രികളിലും നിരവധിപേര്‍ പോയിട്ടുണ്ടാകുമെന്നും
രോഗം വിവരം അറിഞ്ഞപ്പോൾ തന്നെ പ്രസ്തുത ആശുപത്രികളെ അറിയിച്ചിരുന്നെങ്കിൽ സമ്പർക്കത്തിൽപ്പെട്ടരെ  മണിക്കൂറുകൾക്ക് മുൻപ് നിരീക്ഷണത്തിൽ ആക്കാമായിരുന്നുവെന്നും പി.ടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

മഞ്ചേരിയിലെ രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്ന കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് 21 ന് പുലര്‍ച്ചെ 3.30ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9ന് കുഞ്ഞിന്റേതടക്കം 3 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. വൈകുന്നേരം 7.30ന് രണ്ട് സാമ്പിളുകള്‍ നെഗറ്റീവ് ആണെന്ന് ലാബില്‍ നിന്ന് അറിയിച്ചു. എന്നാല്‍ കുഞ്ഞിന്റെ പരിശോധനാഫലം പുറത്തുവിട്ടില്ല. മുഖ്യമന്ത്രിയുടെ അന്നത്തെ പത്രസമ്മേളനം ഇതിനിടെ കഴിഞ്ഞിരുന്നുവെന്നും മുനീര്‍ പറഞ്ഞു.

അടുത്തദിവസം വൈകിട്ട് ആറിന്റെ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചതായി പ്രഖ്യാപിച്ചത്. ഇതിനുശേഷം മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വകാര്യ ആശുപത്രിയില്‍ വിളിച്ച്, ഡോക്ടര്‍മാരോട് ക്വാറന്റീനില്‍ പ്രവേശിക്കാനും പ്രതിരോധനടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചത്. ഈ സമയം ഒട്ടേറെ രോഗികളെ ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു .