ഉമ്പായിയുടെ നിര്യാണത്തോടെ നഷ്ടമായത് ഗസലിനെ ജനകീയമാക്കിയ സംഗീത പ്രതിഭയെ

Jaihind News Bureau
Wednesday, August 1, 2018

ഗസലിനെ ജനകീയമാക്കിയ സംഗീത പ്രതിഭയെയാണ് ഉമ്പായിയുടെ നിര്യാണത്തോടെ നഷ്ടമായത്. അനന്യവും അസാധാരണവുമായ ആലാപന ശൈലിയാണ് ഉമ്പായിക്ക് ജനഹൃദയങ്ങളിൽ ഇടം നേടിക്കൊടുത്തത്.

കൊച്ചിക്കായലിലെ ഓളങ്ങൾക്ക് ഭൈരവി രാഗത്തിന്റെ താളമിട്ട് ഉമ്പായി പാടി. ജീവിതത്തിന്റെ കനൽ അടരുകളെ ആ ഗസൽ ശീലുകൾ മഴനൂലുകളായി ചുറ്റിവരിഞ്ഞു. പ്രണയത്തണുപ്പിൽ ആസ്വാദക ഹൃദയങ്ങൾ ആലിപ്പഴം പോൽ അലിഞ്ഞു പോയി. പക്ഷേ, ഉള്ളിൽ പിടയ്ക്കുന്ന ഞരമ്പുകൾക്കറിയുമോ മുള്ളിൽ പിടയുന്ന ഹൃദയഭാരം

പി.എ.ഇബ്രാഹിം എന്ന യഥാർഥ പേര് ഉമ്പായി എന്ന വാൽസല്യപ്പൊതിയിൽ മലയാളി സ്വന്തമാക്കി. ദാരിദ്ര്യം കുട പിടിച്ച ബാല്യ-കൗമാരങ്ങൾ. മട്ടാഞ്ചേരിത്തെരുവിൽ ഉമ്പായി പിന്നിട്ട ജീവിതയാത്രക്ക് സിനിമാക്കഥകളെ വെല്ലുന്ന പരിണാമ ഗുപ്തിയുണ്ട്. ചുമടെടുത്തു, കള്ളക്കടത്ത് നടത്തി, ഗുണ്ടായിസം കാണിച്ചു- എല്ലാം വിശപ്പിന്‍റെ വിളികൾക്കുത്തരം തേടി. അപ്പോഴും ഉമ്പായിയുടെ വിരലുകളും ഹാർമോണിയം കട്ടകളും ഒറ്റ ചങ്കായിരുന്നു. അനശ്വര ഗായകൻ മെഹബൂബിന്‍റെ സംഗീതയാത്രയിൽ അങ്ങനെ ഒപ്പം കൂടി. മെഹബൂബ് നിർത്തിയിടത്ത് നിന്ന് ഉമ്പായി തുടങ്ങി. സമ്പന്നരുടെ അകത്തളങ്ങളിൽ മധുചഷകങ്ങൾക്കൊപ്പം പാനപാത്രം നിറച്ചിരുന്ന ഗസൽ സംഗീതം സാധാരണക്കാരുടെ ഹൃത്തടങ്ങളിൽ ചേക്കേറിയത് ഉമ്പായിയുടെ സ്വരച്ചിറകിലേറിയായിരുന്നു.

ഒ.എൻ.വിയുമായി ചേർന്ന് പാടുക സൈഗാൾ പാടൂ, സച്ചിദാനന്ദനൊപ്പം അകലെ മൗനം പോൽ- ഉമ്പായി മലയാളി മനസുകളിൽ കൂടു കൂട്ടി. വീണ്ടും പാടാം സഖി, ഒരു മുഖം മാത്രം, ഒരിക്കൽ നീ പറഞ്ഞു, മെഹബൂബ്, മധുരമീ ഗാനം, ഗസൽമാല തുടങ്ങി ഇരുപതോളം ആൽബങ്ങൾ വിൽപ്പനയിൽ പുതു ചരിത്രം സൃഷ്ടിച്ചു. വേദികളിൽ നിന്ന് വേദികളിലേക്ക് ആ സ്വരമാധുരി ഒഴുകി പടർന്നു. ഒടുവിൽ പാതി നിർത്തിയ ഗാനം പോലെ ഉമ്പായി ഒരു പിടി നല്ലോർമകളുടെ ചുഴിയിലേക്ക് ഊളിയിട്ട് മറഞ്ഞു. പക്ഷേ ആ രാഗമേഘങ്ങൾ തിരിമുറിയാതെ പെയ്തു കൊണ്ടിരിക്കുന്നു.

https://www.youtube.com/watch?v=24oVl0QEq60