ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ രണ്ട് പോലീസുകാർക്ക് വധശിക്ഷ

Jaihind News Bureau
Wednesday, July 25, 2018

ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് വധശിക്ഷ. മറ്റ് മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം വീതം തടവും കോടതി വിധിച്ചു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഉരുട്ടിക്കൊലക്കേസിൽ നിർണായക വിധി ഉണ്ടായത്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് സർവീസിലിരിക്കെ പോലീസ് ഉദ്യാഗസ്ഥർക്ക് വധശിക്ഷ വിധിക്കുന്നത്.

അപൂർവങ്ങളിൽ അപൂർവമായ കോസാണെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഉരുട്ടിക്കൊല കേസിൽ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജെ നാസർ വിധി പ്രഖ്യാപിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായ എ.എസ്.ഐ ജിതകുമാർ, സി.പി.ഒ എസ്.വി ശ്രീകുമാർ എന്നിവർക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

കോടതിമുറിയിലുണ്ടായിരുന്ന ഒന്നും രണ്ടും പ്രതികൾ ശിക്ഷാവിധി കേട്ട് കരഞ്ഞു. നാല് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷയും കോടതി വിധിച്ചു. ഇവർ അമ്പതിനായിരം രൂപം വീതം പിഴയും അടയ്ക്കണം. ഡി.വെ.എസ്. പി അജിത്കുമാർ, മുൻ എസ്.പിമാരായ ടി.കെ ഹരിദാസ്, ഇ.കെ സാബു എന്നിവരാണ് കേസിലെ നാല് മുതൽ ആറ് വരെയുളള പ്രതികൾ. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചു. പിഴത്തുകയായ നാല് ലക്ഷം രൂപ ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

അതേ സമയം വിധിക്കെതിരെ അപ്പീൽ പോകുമന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചു. 2005 സെപ്റ്റംബർ 27നാണ് മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാർക്കിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുന്നത്. സ്റ്റേഷനിൽ പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണു സി.ബി.ഐ കേസ്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.