ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് ട്രക്ക് അസോസിയേഷന്‍ സമരത്തിന്

Jaihind News Bureau
Monday, June 18, 2018

ഇന്ധന വില വർധന, ടോൾ ചാർജ്, മൂന്നാം കക്ഷി പ്രീമിയം എന്നിവയ്‌ക്കെതിരേ പ്രതിഷേധിച്ച് ട്രക്കുകളുടെ അസോസിയേഷനുകൾ നാളെ മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ പച്ചക്കറി, പാൽ തുടങ്ങിയ അവശ്യസാധനങ്ങളുടെ ലഭ്യതയെ സമരം ബാധിക്കില്ല.

ഇന്ധന വില വർധിച്ചതിനാൽ പ്രതിദിന നഷ്ടം 3,000 കോടി രൂപയാണെന്ന് ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് ഗുഡ് വെഹിക്കിൾസ് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഇന്ധനത്തിൽ നിന്ന് റോഡ് സെസ്സായി ലിറ്ററിന് 8 രൂപയും ടിക്കറ്റ് ചാർജുകൾക്ക് കിലോമീറ്ററിന് 8 രൂപയും സർക്കാർ നികുതി ചുമത്തും. നഷ്ടങ്ങളെ
അതിജീവിക്കാൻ മറ്റൊരു സാധ്യതയും അവശേഷിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള തീവ്രമായ നടപടി സ്വീകരിക്കുന്നതെന്ന് അസോസിയേഷൻ അറിയിച്ചു.

സർക്കാർ ഭാഗത്തു നിന്ന് അനുകൂല നടപടിയൊന്നും ലഭിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സമരം നീട്ടുമെന്നും അസോസിയേഷൻ പ്രഖ്യാപിച്ചു. ഇന്ധനവില വർധനയിൽ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ വിലയിൽ നേരിയ കുറവ് വരുത്തിയിരുന്നു. എന്നാൽ വില കുറക്കുന്ന കാര്യത്തിൽ സ്ഥിരമായ തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമര നടപടികളിലേക്ക് ട്രക്കുടമകൾ കടക്കുന്നത്.